കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജ് അപേക്ഷകള്‍ സ്വീകരിക്കുന്ന സമയപരിധി തിങ്കളാഴ്ച അവസാനിക്കും. അര്ധരാത്രിക്കുമുമ്പ് ആവശ്യമായ രേഖകള്‍ സഹിതം ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.
നേരത്തേ സെപ്റ്റംബര്‍ ഒമ്പതു വരെയായിരുന്നു സമയം അനുവദിച്ചിരുന്നത്. ഇത് പരിമിതമാണെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന ഹജ്ജ് കമ്മിറ്റി കേന്ദ്ര ഹജ്ജ് കമ്മിറ്റിയെ സമീപിച്ചതിനെ തുടര്‍ന്നാണ് അപേക്ഷകള്‍ 23 വരെ സ്വീകരിക്കാന്‍ തീരുമാനമായിരുന്നത്.അപേക്ഷ സമര്‍പ്പണത്തിന് ഒരു ദിവസം മാത്രം അവശേഷിക്കുമ്പോള്‍ 17,949 അപേക്ഷകളാണ് ഹജ്ജ് കമ്മിറ്റിക്ക് ലഭിച്ചിരിക്കുന്നത്.
ഇതില്‍ 3678 അപേക്ഷകള്‍ 65 വയസ്സിന് മുകളിലുള്ളവരുടേതും 1958 അപേക്ഷകള്‍ പുരുഷ തീര്‍ഥാടകര്‍ കൂടെയില്ലാത്ത വനിതകളുടേതുമാണ്. ഈ രണ്ടു വിഭാഗങ്ങളിലുള്ളവര്‍ക്കും നറുക്കെടുപ്പില്ലാതെ തീര്‍ഥാടനത്തിന് നേരിട്ട് അവസരം ലഭിക്കും. 12,313 അപേക്ഷകളാണ് ജനറല്‍ വിഭാഗത്തില്‍ ലഭിച്ചത്.