തിരൂരങ്ങാടി: വൈദ്യുതിതടസ്സവും വോൾട്ടേജ്ക്ഷാമവും പതിവായ തിരൂരങ്ങാടി മേഖലയിലെ പ്രതിസന്ധിക്ക് പരിഹാരമായി നിർമിച്ച വെന്നിയൂർ 33 കെ.വി. വൈദ്യുതി സബ് സ്റ്റേഷൻ പ്രവർത്തനസജ്ജമാകുന്നു. സബ് സ്റ്റേഷൻ ഡിസംബറിൽ കമ്മിഷൻ ചെയ്യാനുള്ള നടപടിക്രമങ്ങൾ വേഗത്തിലാക്കി.
ദേശീയപാതയിൽ ഭൂഗർഭ കേബിളുകൾ സ്ഥാപിക്കുന്നതിനുള്ള അനുമതിക്കായി കെ.എസ്.ഇ.ബി. തുക അടച്ചതിനെത്തുടർന്ന് ദേശീയപാത അതോറിറ്റിയിൽനിന്നുള്ള അനുമതി ലഭിച്ചു. സബ് സ്റ്റേഷനിൽ ട്രാൻസ്‌ഫോർമറുകൾ സ്ഥാപിക്കുന്ന ജോലി പൂർത്തിയായിട്ടുണ്ട്.
നാല് ഫീഡറുകളാണ് സബ് സ്റ്റേഷനിലുണ്ടാവുക. ആദ്യഘട്ടത്തിൽ രണ്ട്് ഫീഡറുകളുമായി പ്രവർത്തനം തുടങ്ങും.
നിലവിൽ ഏറെ ദൂരെയുള്ള എടരിക്കോട് സബ് സ്റ്റേഷനിൽനിന്നാണ് തിരൂരങ്ങാടിയിലേക്ക് വൈദ്യുതി എത്തുന്നത്. പുതിയ സബ് സ്റ്റേഷൻ യാഥാർത്ഥ്യമാകുന്നതോടെ കക്കാട്, തിരൂരങ്ങാടി, ചെമ്മാട് ഭാഗങ്ങളിലെ വൈദ്യുതിപ്രതിസന്ധിക്ക് പരിഹാരമാകും.
സബ് സ്റ്റേഷൻ പ്രവർത്തനം വിലയിരുത്താനായി നഗരസഭാധ്യക്ഷൻ കെ.പി. മുഹമ്മദ്കുട്ടി, ഉപാധ്യക്ഷ സുലൈഖ കാലൊടി, സ്ഥിരംസമിതി അധ്യക്ഷരായ ഇഖ്ബാൽ കല്ലുങ്ങൽ, സി.പി. ഇസ്മായീൽ, കെ.എസ്.ഇ.ബി. എക്‌സിക്യുട്ടീവ് എൻജിനീയർ വേലായുധൻ, അസി. എക്‌സിക്യുട്ടീവ് എൻജിനീയർ റൈഹാനത്ത് തുടങ്ങിയവർ സ്ഥലത്തെത്തി.