കോട്ടക്കൽ: കോട്ടൂർ എ.കെ.എം ഫുട്ബോൾ അക്കാദമിയിൽ നിന്നൊരു കുട്ടി ഗോളി ഇനി സൗദിയിൽ ഗോൾവല കാക്കും. സ്കൂൾ ജൂനിയർ ടീമിലെ ഗോൾ കീപ്പറായ മുഹമ്മദ് റാസിൻ എന്ന 12 വയസുകാരനാണ് സൗദിയിലെ ഏറ്റവും വലിയ ഫുട്‌ബാൾ ക്ലബ്ബായ അൽ നസ്റിന്റെ ഭാഗമാകാൻ തെരഞ്ഞെടുക്കപ്പെട്ടത്. ലോക സൂപ്പർ താരം ക്രിസ്‌റ്റ്യാനോ റൊണാൾഡോയുടെ വരവോടെ കരുത്താർജ്ജിച്ച അൽ നസ്ർ ക്ലബ്ബിന്റെ ജൂനിയർ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിന്റെയും റിയാദിലെ ക്ലബ് ആസ്ഥാനത്ത് പരിശീലനം തുടങ്ങിയതിന്റെയും ആവേശത്തിലാണ് ഈ ഏഴാം ക്ലാസുകാരൻ.വേങ്ങര ലൈവ്.മുഹമ്മദ് റാസിൻ പന്ത് തട്ടികളിക്കുന്നത് കാണാനിടയായ ഒരു സൗദി പൗരനാണ് അൽ നസ്റിന്റെ സെലക്ഷനിൽ പങ്കെടുക്കാൻ നിർദേശിച്ചത്. പ്രാദേശിക സൗദി ക്ലബ്ബുകൾ തമ്മിലുള്ള സൗഹൃദ മത്സരത്തിനിടെയാണ് റിയാദ് നാദി ക്ലബിലെ പരിശീലകനായ അബ്‌ദുല്ല സാലെഹ് എന്ന സൗദി പൗരൻ മുഹമ്മദ് റാസിന്റെ പ്രകടനം ശ്രദ്ധിക്കുന്നത്. നല്ല ഭാവിയുണ്ടെന്നും അൽ നസ്‌റിലെ സെലക്ഷനിൽ പങ്കെടുക്കണമെന്നും അദ്ദേഹം അവരെ നിർബന്ധിക്കുകയും തന്റെ റഫറൻസിൽ അങ്ങോട്ട് പറഞ്ഞുവിടുകയുമായിരുന്നു.
ഫുട്ബാൾ കളിക്കാരനായ പിതാവിനോടൊപ്പം അഞ്ചാം വയസ് മുതൽ കളി മൈതാനിയിൽ എത്താറുണ്ട്. അഞ്ചാം ക്ലാസ് വിദ്യാർഥിയായിരിക്കെ മിനർവ പഞ്ചാബിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 2034ലെ ലോകകപ്പിന് വേണ്ടി ഒരുക്കുന്ന ടീമിലേക്കായിരുന്നു ആ സെലക്ഷൻ. ആറുമാസം അവിടെ പരിശീലനം നടത്തി ശേഷം മടങ്ങി. അതിനിടെ സന്ദർശന വിസയിൽ കുടുംബാംഗങ്ങളോടൊപ്പം സൗദിയിൽ പിതാവിൻ്റെ അടുത്തേക്ക് വന്നു. അതാണ് വഴിത്തിരിവായത്. സൗദിയിൽ പ്രവാസിയാണ് പിതാവ് ഷാജഹാൻ. മക്കളിൽ രണ്ടാമനായ മുഹമ്മദ് റാസിൻ റിയാദിലാണ് ജനിച്ചത്. അതാണ് അൽ നസ്‌റിലെ സെലക്ഷനിൽ പങ്കെടുക്കാനുള്ള ആദ്യ യോഗ്യതയായത്. സൗദിയിൽ ജനിക്കുന്ന വിദേശികൾക്ക് ഇവിടുത്തെ സ്പോർട്‌സ് ക്ലബുകളിൽ ചേരാൻ അനുമതിയുണ്ട്. റിയാദിൽ യൂത്ത് ഇന്ത്യ എഫ്.സി എന്ന ടീം രൂപവത്‌കരിച്ചത് മുതൽ പിതാവ് ഷാജഹാൻ അതിൽ അംഗമാണ്. മൂത്ത സഹോദരൻ റബിൻ കോഴിക്കോട് കാർബൺ ക്ലാസസ് എന്ന സ്ഥാപനത്തിൽ പ്ലസ് വൺ വ്യദ്യാർഥിയാണ്. അനുജൻ മുഹമ്മദ് റയ്യാൻ ഒന്നാം ക്ലാസ് വി ദ്യാർഥിയും. ഉമ്മ എ.വി. നഫ് ലയുമാണ്.