തേഞ്ഞിപ്പലം: എളമ്പുലാശ്ശേരി എ എൽ പി സ്കൂളിൽ കുട്ടികളുടെ ഓണച്ചന്ത സംഘടിപ്പിച്ചു. വയനാടിനെ സഹായിക്കുന്ന മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് പണം സ്വരൂപിക്കുന്നതിനു വേണ്ടിയാണ് കുട്ടിച്ചന്ത സംഘടിപ്പിച്ചത്.
അഞ്ചാം ക്ലാസിലെ സാമൂഹ്യശാസ്ത്ര പാഠ പുസ്തകത്തിലെ പഠന പ്രവർത്തനത്തെ ബന്ധപ്പെടുത്തിയാണ് കുട്ടിച്ചന്ത ഒരുക്കിയത്. കുട്ടികളുടെ വീടുകളിൽ കൃഷി ചെയ്ത ജൈവ പച്ചക്കറികൾ, പലഹാരങ്ങൾ, അലങ്കാര വസ്തുക്കൾ, സുഗന്ധദ്രവ്യങ്ങൾ, വെറൈറ്റി പായസങ്ങൾ,
പാഴ് വസ്തുക്കൾ കൊണ്ടുണ്ടാക്കിയ ഗൃഹോപകരണങ്ങൾ, തുടങ്ങിയ നിരവധി വസ്തുക്കൾ വില്പനയ്ക്ക് വെച്ചിരുന്നു.
വിത്ത്, പേപ്പർ പേനയും, കടലപ്പൊതികളും ചന്തയിലെ വിഭവങ്ങളിൽപ്പെട്ടതാണ്. കുട്ടി ചന്ത സ്കൂൾ മാനേജർ എം മോഹന കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കുട്ടികൾക്ക് പിന്തുണയായി രക്ഷിതാക്കളും നാട്ടുകാരും കുട്ടിച്ചന്തയിൽ പങ്കാളികളായി. ചന്തയിൽ നിന്ന് ലഭിച്ച മുഴുവൻ ലാഭവും കുട്ടികൾ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു മാതൃക കാണിച്ചു. സ്കൂൾ ലീഡർമാരായ ദീഷിത്, ഹന്ന എന്നിവർ നേതൃത്വം നൽകി.