കൊണ്ടോട്ടി: വിമാനത്താവള റൺവേ നവീകരണ പ്രവൃത്തികൾ ആരംഭിക്കുന്നതിന് മുന്നോടിയായി റോഡ് അടയ്ക്കുന്ന നടപടികൾ തുടങ്ങി.
നെടിയിരുപ്പ് ഭാഗത്ത് റൺവേ അവസാനിക്കുന്നിടത്തെ ക്രോസ് റോഡിൽ വാഹന ഗതാഗതം നിയന്ത്രിക്കുന്നതിനായി ഗേറ്റ് സ്ഥാപിച്ചു. മുക്കൂട് ഭാഗത്താണ് ഗേറ്റ് സ്ഥാപിച്ചത്. വാഹനങ്ങൾ നിലവിൽ കടത്തിവിടുന്നുണ്ടെങ്കിലും ഏതു നിമിഷവും റോഡ് അടയ്ക്കും.
ക്രോസ് റോഡ് അടച്ചതായും വാഹനങ്ങൾ വഴിതിരിച്ചു വിട്ടതായും കാണിച്ച് മാസങ്ങൾക്കു മുൻപ് എയർപോർട്ട് അതോറിറ്റി ബോർഡ് സ്ഥാപിച്ചിരുന്നു. ക്രോസ് റോഡിനു പകരം റോഡ് നിർമിക്കുമെന്ന് സംസ്ഥാനസർക്കാർ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും നടപടികൾ എങ്ങുമെത്തിയിട്ടില്ല. അതുകൊണ്ട് റോഡ് അടച്ചാൽ നാട്ടുകാർക്ക് യാത്ര ചെയ്യുന്നതിന് ഏറെ പ്രയാസപ്പെടേണ്ടി വരും.