പാക്കടപ്പുറായ: എ എം എൽ പി എസ് വേങ്ങര കുറ്റൂരിലെ പൂർവ്വ വിദ്യാർത്ഥിയായ കെ കെ സജീഷ് ഐ എസ് ആർ ഒ റോക്കറ്റ് നിർമ്മാണത്തിൽ വൈബ്രേഷൻ സെൻസറുകൾ നിർമ്മിച്ചു നൽകാൻ നേതൃത്വം നൽകിയതിന്ന് സ്കൂൾ ആദരിച്ചു.
സ്കൂൾ പിടിഎ അംഗങ്ങളുടെ സാന്നിധ്യത്തിൽ പ്രധാന അധ്യാപകൻ പ്രശോഭ് പി എൻ സ്വാഗതവും പിടിഎ പ്രസിഡന്റ് സുഭാഷ് യു പി അധ്യക്ഷതവഹിക്കുകയും ചെയ്തു. ആദരിക്കലും ഉപഹാര സമർപ്പണവും സ്കൂൾ മുൻ പ്രധാന അധ്യാപിക മാധവിക്കുട്ടി ടീച്ചർ നിർവഹിച്ചു.
സ്കൂൾ മാനേജർ അബൂബക്കർ പാക്കട, മുൻ പ്രധാന അധ്യാപകരായ എൻ കെ ലക്ഷ്മി ടീച്ചർ, അബ്ദുൽ ഹമീദ് മാസ്റ്റർ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. മറുപടി ഭാഷണത്തിൽ സജീഷ് ഐ എസ് ആർ ഒ യെക്കുറിച്ചും റോക്കറ്റ് നിർമ്മാണത്തിൽ വൈബ്രേഷൻ സെൻസറുകളുടെ പ്രാധാന്യത്തെക്കുറിച്ചും സംസാരിച്ചു. ഈ അടുത്ത കാലത്ത് കുതിച്ച് ഉയർന്ന SSLV-D3/EOS-08 യുടെ വിക്ഷേപണത്തിൽ വൈബ്രേഷൻ സെൻസറുകൾ കൃത്യമായി പ്രവർത്തിച്ചതിനെക്കുറിച്ചും അത് ഭ്രമണപഥത്തിൽ എത്തിയപ്പോൾ ഉണ്ടായ ധന്യ മുഹൂർത്തത്തെക്കുറിച്ചും ഈ ചടങ്ങിൽ സംസാരിക്കുകയുണ്ടായി. പരിപാടിക്ക് സ്റ്റാഫ് സെക്രട്ടറി മുഹമ്മദ് സക്കീർ ഹുസൈൻ മാസ്റ്റർ നന്ദി പ്രകാശിപ്പിച്ചു.