മനാട്ടിപ്പറമ്പ് ഇർശാദു സ്വിബ് യാൻ ഹയർ സെക്കണ്ടറി മദ്റസ മെഹ്ഫിലെ മീലാദ് റബീഹ് ഫെസ്റ്റ് കുട്ടികളുടെ മത്സരങ്ങൾക്ക് തുടക്കം കുറിച്ചപ്പോൾ
വേങ്ങര: പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനം തിങ്കളാഴ്ച ആഘോഷിക്കും. മുഹമ്മദ് നബിയുടെ ജന്മംകൊണ്ട് അനുഗൃഹീതമായ സുദിനം വിശ്വാസിക്ക് അളവറ്റ ആവേശവും സന്തോഷവും നൽകും. റബീഉൽ അവ്വൽ ഒന്നുമുതൽ വിവിധ മഹല്ലുകളുടെ നേതൃത്വത്തിൽ പ്രവാചക പ്രകീർത്തന സദസ്സും പ്രഭാഷണങ്ങളും നടക്കുന്നുണ്ട്. പ്രവാചകപ്രേമത്തിന്റെ ഇശലുകൾ നാടാകെ പരന്നൊഴുകുന്ന പുണ്യദിനമാണ് നബിദിനം. പള്ളികളും മദ്രസകളും വീടുകളുമടക്കം തോരണങ്ങളാൽ നിറഞ്ഞു.
തിങ്കളാഴ്ച പുലർച്ചെ മൗലിദ് പാരായണവും തുടർന്ന് പതാക ഉയർത്തലും ഘോഷയാത്രയും നടക്കും. അന്നദാനവുമുണ്ടാകും. ഭക്ഷണവും മധുരപാനീയങ്ങളും ഘോഷയാത്രയെ വരവേൽക്കും. ദഫ്മുട്ടും, അറബനമുട്ടും, സ്‌കൗട്ടും, ഫ്ലാഗ് ഷോ, ഫ്ലവർ ഷോ എന്നിവ ഘോഷയാത്രയിൽ അണിനിരക്കും. മുസ്‌ലിം സംഘടനകളുടെ ആഭിമുഖ്യത്തിൽ വൈവിധ്യമാർന്ന പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്. പള്ളികളിൽ മൗലീദ് പാരായണ സദസ്സുകളും അന്നദാനവും നടക്കും.