എടരിക്കോട് ടെക്സ്‌റ്റൈൽസ് പൂട്ടിയിട്ട് എട്ടരമാസം തൊഴിലാളികൾക്ക് 11 മാസത്തെ ശമ്പളം കുടിശ്ശിക

• എടരിക്കോട് ടെക്സ്‌റ്റൈൽസിനു മുൻപിൽ ആശങ്കപങ്കുവെക്കുന്ന തൊഴിലാളികൾ

കോട്ടയ്ക്കൽ : 'വിഭവസമൃദ്ധമായ ഓണസ്സദ്യയൊന്നും ഞങ്ങൾ ചോദിക്കുന്നില്ല. അന്നന്നത്തെ അന്നത്തിനുള്ളത് തന്നാൽ മതിയായിരുന്നു...', പിന്നെയുമൊരു ഓണമെത്തുമ്പോൾ എടരിക്കോട് ടെക്സ്‌റ്റൈൽസിലെ വൈൻഡിങ് തൊഴിലാളിയായ എം.സി. തില പറയുകയാണ്.

മാസങ്ങളായി ശമ്പളം കിട്ടാത്തതിനാൽ ജീവിതമാകെ വല്ലാത്തൊരു ഇരുളിലാണ്. കൈയിലുള്ള സ്വർണമെല്ലാം വിറ്റും ബാങ്കുകളിൽനിന്നു വായ്പയെടുത്തും പണിത വീടും പുരയിടവും തിരിച്ചടവു മുടങ്ങിയതിനാൽ ഏതുനിമിഷവും ജപ്തിചെയ്യുമെന്ന ഭീഷണിയിലാണ്. കൂലിപ്പണിക്കാരനായ ഭർത്താവിന് എപ്പോഴെങ്കിലും കിട്ടുന്ന പണിയുടെ കൂലി മാത്രമാണ് മൂന്നുമക്കളടങ്ങിയ കുടുംബത്തിന്റെ ഒരേയൊരു വരുമാനം-ഇത് തിലയുടെ മാത്രം സങ്കടമല്ല. പൊതുമേഖലാസ്ഥാപനമായ എടരിക്കോട് ടെക്സ്‌റ്റൈൽസിലെ ഇരുനൂറിലേറെ വരുന്ന തൊഴിലാളികളിൽ മിക്കവരുടെയും നെഞ്ചുരുക്കുന്ന സത്യമാണ്.

അസംസ്‌കൃതവസ്തുക്കൾ കിട്ടാത്തതും ഉത്പന്നത്തിന് വിപണി കണ്ടെത്താനാകത്തതുമുൾപ്പെടെയുള്ള പ്രശ്‌നങ്ങൾ കാരണം എടരിക്കോട് ടെക്സ്‌റ്റൈൽസിൽ പലപ്പോഴും അടച്ചിടൽ (ലേ ഓഫ്) വേണ്ടിവന്നു. 2023-ൽ ഫെബ്രുവരി 22 മുതൽ ഓഗസ്റ്റ് 21 വരെ അടച്ചുപൂട്ടിയിരുന്നു. ഓണത്തിന് മിൽ തുറന്നത് വലിയ പ്രതീക്ഷ നൽകിയെങ്കിലും ഡിസംബറിൽ പിന്നെയും ലേ ഓഫ് പ്രഖ്യാപിച്ചു. എട്ടരമാസമായി ഇപ്പോൾ മിൽ പൂട്ടിയിട്ട്. ഡിസംബറിനുമുൻപ് നൽകാനുള്ളതുൾപ്പെടെ 11 മാസത്തെ ശമ്പളം ഇപ്പോൾ തൊഴിലാളികൾക്കു ലഭിക്കാനുണ്ട്. ഈയടുത്ത് വിരമിച്ച 37 പേർക്ക് പെൻഷൻ കിട്ടുന്നില്ല.
കമ്പനി പി.എഫ്. വിഹിതം അടയ്ക്കാത്തതിനാലാണിത്. 2017 മുതലുള്ള വിഹിതം കമ്പനി അടയ്ക്കാനുണ്ട്. വിഹിതമടയ്ക്കാത്തതിനാൽ ജീവനക്കാർക്കുള്ള ഇ.എസ്.ഐ. ആനുകൂല്യവും ലഭിക്കുന്നില്ല. ഇതുകാരണം രോഗംവന്നാൽ ചികിത്സപോലും കിട്ടില്ല. തൊഴിലാളികൾ വ്യവസായ, തൊഴിൽ മന്ത്രിമാർക്കടക്കം പരാതി നൽകിയിട്ടും പ്രശ്‌നങ്ങൾക്ക് പരിഹാരമുണ്ടായില്ല. പ്രശ്‌നം നിയമസഭയിലും ഉന്നയിച്ചിരുന്നു.

പ്രശ്‌നപരിഹാരത്തിന് പുതിയ പദ്ധതി

സ്ഥാപനത്തെ രക്ഷിക്കാൻ 20 കോടിയുടെ ഒരു പദ്ധതിനിർദേശം സർക്കാരിലേക്ക് സമർപ്പിച്ചിട്ടുണ്ടെന്ന് മാനേജരുടെ ചുമതല വഹിക്കുന്ന പി. സാജിദ് അബ്ബാസ് പറഞ്ഞു. മൂന്നുകോടിയുടെ ഓപ്പൺ എൻഡ് മെഷീൻ വാങ്ങുന്നതിനും ജീവനക്കാർക്ക് കുടിശ്ശിക കൊടുത്തുതീർക്കുന്നതിനുമെല്ലാമടക്കമാണ് 20 കോടി. എന്നാൽ സർക്കാർ ഇക്കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ല

തിരുവോണത്തിന് പട്ടിണിസമരം

കുടിശ്ശികയും ആനുകൂല്യങ്ങളും നൽകുന്നതുൾപ്പെടെ മില്ലിലെ തൊഴിലാളുകളുടെ പ്രശ്‌നങ്ങൾക്ക് ഉടൻ പരിഹാരമുണ്ടായില്ലെങ്കിൽ സമരം ശക്തമാക്കുമെന്ന് എടരിക്കോട് ടെക്സ്‌റ്റൈൽസ് എംപ്ലോയീസ് ഓർഗനൈസേഷൻ (എസ്.ടി.യു) വർക്കിങ് പ്രസിഡന്റ് അലി കുഴിപ്പുറം, ജനറൽസെക്രട്ടറി സിദ്ദീഖ് താനൂർ എന്നിവർ പറഞ്ഞു.

തിരുവോണനാളിൽ തൊഴിലാളികളുടെ പട്ടിണിസമരവുമുണ്ടാകും.

ഗ്രാറ്റ്വിറ്റി നൽകാൻ സ്ഥലം വിൽക്കും

:കമ്പനിയുടെ ഭൂമിയിൽനിന്ന് ഒരുഭാഗം വിൽപ്പന നടത്തി, വിരമിച്ച 49 തൊഴിലാളികൾക്കു നൽകേണ്ട ഒന്നരക്കോടി രൂപ വിതരണം ചെയ്യുന്നതിന്റെ ഭാഗമായി തിരൂരങ്ങാടി ഡെപ്യൂട്ടി തഹസിൽദാർമാരായ ഗോവിന്ദൻകുട്ടി, സാഹിർ, റവന്യൂ റിക്കവറി ഓഫീസർ സുജിത തുടങ്ങിയവരുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥസംഘം ചൊവ്വാഴ്ച ടെക്സ്‌റ്റൈൽസിൽ പരിശോധനയ്ക്കെത്തി. ഇതുസംബന്ധിച്ച് ഡെപ്യൂട്ടി ലേബർ കമ്മിഷണർക്ക് യൂണിയനുകളും തൊഴിലാളികളും പരാതി നൽകിയിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ ഒരുമാസത്തിനകം ഗ്രാറ്റ്വിറ്റി നൽകാൻ മാനേജ്‌മെന്റിനോട് നിർദേശിച്ചിരുന്നു. അതുണ്ടാകാത്തതിനെത്തുടർന്നാണ് റവന്യൂ റിക്കവറി. റിക്കവറിക്കെതിരേ മാനേജ്‌മെന്റ് ഹൈക്കോടതിയെ സമീപിച്ചെങ്കിലും ആനുകൂല്യങ്ങൾ 12 ഗഡുക്കളായി നൽകണമെന്ന് കോടതി നിർദേശിച്ചു.

ഒന്നാംഗഡു നൽകേണ്ട സമയം കഴിഞ്ഞിട്ടും നൽകാത്തതിനെത്തുടർന്നാണ് റിക്കവറി നടപടിക്ക് നീക്കംതുടങ്ങിയത്. മൂന്നുദിവസത്തിനകം ഭൂമിയിലെ കാടുകൾ വെട്ടിത്തെളിച്ച് അളവുക്രമീകരിച്ച് റിക്കവറിക്കുള്ള സ്ഥലം നിർണയിക്കും.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}