തിരൂരങ്ങാടി: വൈകുന്നേരങ്ങളിൽ സ്‌കൂളിൽനിന്നും വീട്ടിലേക്കു മടങ്ങുന്ന വിദ്യാർഥികളെ കയറ്റാതെ ഓടിയ പത്ത് സ്വകാര്യ ബസുകൾക്കെതിരേ വാഹനവകുപ്പ് ജില്ലാ എൻഫോഴ്‌സ്‌മെന്റ് വിഭാഗം കേസെടുത്തു.
തിരൂരങ്ങാടി ഓറിയന്റൽ ഹയർസെക്കൻഡറി സ്‌കൂൾ, ഗവ. ഹയർസെക്കൻഡറി സ്‌കൂൾ എന്നിവിടങ്ങളിലെ വിദ്യാർഥികളെ ബസിൽ കയറ്റാതെ സർവീസ് നടത്തുന്ന സ്വകാര്യബസുകൾക്കെതിരേ പരാതികളുയർന്നതോടെയാണ് പരിേശാധന കർശനമാക്കിയത്.
തിരൂരങ്ങാടിയിലെ സ്കൂൾ പരിസരങ്ങളിലും ചെമ്മാട് ബസ്‌സ്റ്റാൻഡിലുമായി ബസുകൾ പരിശോധിച്ചു. ബസ് ഡ്രൈവർമാർക്കും ജീവനക്കാർക്കും കർശന നിർദേശങ്ങളും നൽകി. കഴിഞ്ഞദിവസം വിദ്യാർഥികളെ കയറ്റാതെ ബസ് മുന്നോട്ടെടുത്തതിനെത്തുടർന്ന് നാട്ടുകാർ ബസ് തടഞ്ഞിരുന്നു. ഈ ബസിലെ ഡ്രൈവറോട് എൻഫോഴ്‌സ്‌മെന്റ് ഓഫീസിൽ ഹാജരാകാൻ നിർദേശം നൽകി.
ജില്ലാ എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ. പി.എ. നസീറിന്റെ നിർദേശത്തെത്തുടർന്ന് എം.വി.ഐ. ജയചന്ദ്രൻ, എ.എം.വി.ഐമാരായ വിഷ്ണു വിജയ്, ടി. മുസ്തജാബ്, എസ്. സുനിൽകുമാർ തുടങ്ങിയവർ പരിശോധനയ്ക്കു നേതൃത്വംനൽകി.