മലപ്പുറം ; ജില്ലയിലെ ടൂറിസം കേന്ദ്രങ്ങളെ പ്ലാസ്റ്റിക് മാലിന്യ മുക്തമാക്കുന്നതിനുള്ള മലപ്പുറം ജില്ലാ ഭരണകൂടത്തിന്റെ നടപടികളുടെ ഭാഗമായി ജില്ലാ അതിര്‍ത്തിയായ വഴിക്കടവ് പഞ്ചായത്തിലെ ആനമറിയില്‍ പ്ലാസ്റ്റിക് ചെക് പോസ്റ്റ് സ്ഥാപിച്ചു. നാടുകാണി ചുരത്തില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ തള്ളുന്നത് തടയുകയാണ് ലക്ഷ്യം. വഴിക്കടവ് ഗ്രാമ പഞ്ചായത്ത് മുന്‍കയ്യെടുത്ത് സ്ഥാപിച്ച പ്ലാസ്റ്റിക് ചെക് പോസ്റ്റിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ നിര്‍വഹിച്ചു. ഗ്രാമപഞ്ചയാത്ത് പ്രസിഡന്റ് തങ്കമ്മ നെടുമ്പടി അധ്യക്ഷയായി.
മാലിന്യമുക്തം നവകേരളം ക്യാമ്പയിന്‍ പരിപാടിയുടെ ഭാഗമായി നാടുകാണി ചുരത്തില്‍ അലക്ഷ്യമായി പ്ലാസ്റ്റിക് മാലിന്യങ്ങള്‍ തള്ളുന്നത് തടയാനും നിലമ്പൂരിലെ ടൂറിസം കേന്ദ്രങ്ങള്‍ പ്ലാസ്റ്റിക് മുക്തമാക്കാനും വഴിക്കടവ്, നിലമ്പൂരിലെ വടപുറം എന്നിവിടങ്ങളില്‍ പ്ലാസ്റ്റിക് ചെക് പോസ്റ്റുകള്‍ സ്ഥാപിക്കാന്‍ രണ്ടു മാസം മുമ്പ് ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗം തീരുമാനമെടുത്തിരുന്നു. ഇതിന്റെ ഭാഗമായാണ് ഗ്രാമപഞ്ചായത്തിന്റെ തനത് ഫണ്ട് വിനിയോഗിച്ച് ആദ്യ പ്ലാസ്റ്റിക് ചെക് പോസ്റ്റ് വഴിക്കടവിലെ ആനമറിയില്‍ സ്ഥാപിച്ചത്. ആദ്യഘട്ടത്തില്‍ ഹരിത കര്‍മ്മസേനാംഗങ്ങളുടെ നേതൃത്വത്തില്‍ പ്ലാസ്റ്റിക് വിമുക്ത ബോധവത്ക്കരണമാണ് ഇവിടെ നടത്തുക. വാഹന യാത്രികരെയും വിനോദസഞ്ചാരികളെയും സമീപിച്ച് ചുരത്തിലേക്ക് പ്ലാസ്റ്റിക് കൊണ്ടു പോകുന്നതിനെതിരെ ബോധവത്ക്കരണം നടത്തും. വാഹനങ്ങളിലുള്ള പ്ലാസ്റ്റിക്കും മറ്റും ശേഖരിച്ച് മിനി എം.സി.എഫില്‍ നിക്ഷേപിക്കുകയും പകരം ആവശ്യമായ സാധനങ്ങള്‍, പ്ലാസ്റ്റിക് കുപ്പികള്‍ക്ക് പകരം സ്റ്റീല്‍ കുപ്പികള്‍, പ്ലേറ്റുകള്‍, തുണി സഞ്ചികള്‍, മറ്റ് പകരം ഉല്‍പ്പന്നങ്ങള്‍ എന്നിവ കുടുംബശ്രീ യൂണിറ്റ് വഴി നല്‍കുകയും ചെയ്യും. കുടുംബശ്രീയുടെ തനതുല്‍പന്നങ്ങള്‍ അടക്കം ലഭ്യമാകുന്ന രീതിയില്‍ കൗണ്ടര്‍ സ്ഥാപിക്കുകയും പ്രസ്തുത കൗണ്ടറില്‍ നിന്ന് ടൂറിസ്റ്റുകള്‍ക്കും മറ്റു യാത്രക്കാര്‍ക്കും ആവശ്യമായ മാര്‍ഗനിര്‍ദ്ദേശങ്ങളും മറ്റ് ഉല്‍പ്പന്നങ്ങളും ലഭ്യമാക്കുകയും ചെയ്യുന്ന രീതിയില്‍ ചെക്ക് പോസ്റ്റ് പ്രവര്‍ത്തിക്കും.
ഹരിത കര്‍മ്മ സേന, സന്നദ്ധ സംഘടനകള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, ക്ലബ്ബുകള്‍, ഫോറസ്റ്റ്, പോലീസ്, എക്‌സൈസ് വകുപ്പുകളുടെ പ്രതിനിധികള്‍, എന്‍.എസ്.എസ്., എസ്.പി.സി തുടങ്ങി സന്നദ്ധ പ്രവര്‍ത്തകരുടെ സേവനം ചെക്‌പോസ്റ്റില്‍ ലഭ്യമാകുന്ന രീതിയിലാണ് പ്രവര്‍ത്തനം ക്രമീകരിച്ചിരിക്കുന്നത്. രണ്ടാംഘട്ടത്തില്‍ ചെക്പോസ്റ്റുകളില്‍ നിരോധിത പ്ലാസ്റ്റിക്കുകള്‍ പിടിച്ചെടുത്ത് പിഴ ഈടാക്കും. ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഇതിനാവശ്യമായ എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കും.
ചുരത്തില്‍ നിരീക്ഷണ കാമറകള്‍ സ്ഥാപിക്കുക, ശുചീകരണ തൊഴിലാളികളെ നിയമിക്കുക, കുടുംബശ്രീയുടെ നേതൃത്വത്തില്‍ പരിസ്ഥിതി സൗഹൃദ കഫ്റ്റീരിയ, ബദല്‍ ഉല്പന്നങ്ങള്‍ കൈമാറുന്നതിനുള്ള സംവിധാനം തുടങ്ങിയവ ഒരുക്കും. ചുരുങ്ങിയ സമയത്തിനുള്ളില്‍ പ്ലാസ്റ്റിക് ചെക് പോസ്റ്റ് സ്ഥാപിക്കുന്നതിനുള്ള നടപടികളെടുത്ത ഗ്രാമപഞ്ചായത്ത് ഭരണ സമിതിയെയും ഉദ്യോഗസ്ഥരെയും ജില്ലാ കലക്ടർ അഭിനന്ദിച്ചു.