വേങ്ങര: പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജിച്ച് മംഗലാപുരം ഡിവിഷൻ രൂപീകരിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് സതേൺ റെയിൽവേ യൂസേഴ്സ് കൺസൽറ്റീവ് കമ്മറ്റി അംഗം എ കെ എ നസീർ കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവിനോട് നിവേദനത്തിൽ ആവിശ്യപെട്ടു.
സർവീസ് അനുവദിക്കുന്നതിലുൾപ്പെടെ നിരന്തരം അവഗണന നേരിടുന്ന പാലക്കാട് ഡിവിഷൻ വിഭജിച്ചതാണ് മുൻപ് സേലം ഡിവിഷൻ രൂപീകരിച്ചത്.
പാസഞ്ചർ ട്രാഫിക്കിന്റ അടിസ്ഥാനത്തിൽ ഏറ്റവും കൂടുതൽ വരുമാനം നേടുന്ന ഡിവിഷനുകളിൽ ഒന്നായ പാലക്കാട് ഡിവിഷനു അർഹിക്കുന്ന പരിഗണന റെയിൽവേയിൽ നിന്ന് നിലവിൽ തന്നെ ലഭിക്കുന്നില്ല. ചരക്കു ഗതാഗതത്തിൽ നിന്നുള്ള വരുമാനത്തിനായി പാലക്കാട് ഡിവിഷൻ സഹായിക്കുന്നത് ഡിവിഷന് കീഴിൽ വരുന്ന പനമ്പൂർ തുറമുഖം ആണ്. ഇതുൾപ്പടെ പാലക്കാട് നിന്നും വിഭജിച്ച് പോകുന്നത് ഡിവിഷന്റെ വരുമാനം കുറയുന്നതിനും,വരുമാന കുറവിന്റ പേരിൽ പാലക്കാട് ഡിവിഷന്റെ നിലനിൽപ്പ് തന്നെ അവതാളത്തിലാക്കാൻ വിഭജനം കാരണമാവുമെന്നും നസീർ ചൂണ്ടിക്കാട്ടി. കുറഞ്ഞത് അഞ്ചും ആറും പിറ്റ്ലൈനുകൾ സതേൺ റെയിൽവേയുടെ മറ്റെല്ലാ ഡിവിഷനുകളിലും ഉണ്ടായിരിക്കെ മംഗലാപുരത്ത് ഒരേയൊരു 24 കോച്ച് പിറ്റ്ലൈൻ ഉള്ള പാലക്കാട് ഡിവിഷൻ വിഭജിച്ചാൽ ഉള്ള പിറ്റ്ലൈൻ തന്നെ പാലക്കാടിന് നഷ്ടമാവും.
നിലവിലുള്ള പാലക്കാട് ഡിവിഷന്റെ മിക്ക സർവ്വീസുകളും പുറപ്പെടുന്നത് ടെർമിനൽ സ്റ്റേഷനായ മംഗലാപുരത്ത് നിന്നാണ്. ഈ ട്രെയിനുകളും പാലക്കാട് ഡിവിഷന് നഷ്ടമാവും. മൂന്ന് ഡിവിഷൻ ഇല്ലാത്തതിന്റെ പേരിലും സോൺ നിഷേധിക്കപ്പെടുന്ന കേരളത്തിന് സോൺ അനുവദിക്കുന്നതിന് പകരം കേരളം മൊത്തത്തിൽ ഒറ്റ ഡിവിഷൻ എന്ന നിലയിലേക്കാണ് റെയിൽവേ കാര്യങ്ങൾ കൊണ്ടെത്തിക്കുന്നത്.
അടുത്ത 14ന് ചെന്നൈയിൽ നടക്കുന്ന സതേൺ റെയിൽവേ യൂസേഴ്സ് കൺസൽട്ടീവ് കമ്മറ്റി യോഗത്തിൽ ഈ വിഷയം എം പി മാരടക്കമുള്ള കേരളത്തിൽ നിന്നുള്ള അംഗങ്ങളെ കൊണ്ട് ശക്തമായ പ്രതിഷേധം യോഗത്തിൽ അറിയിക്കുമെന്നും നസീർ പറഞ്ഞു.