മലപ്പുറം: വിശ്വാസികൾക്ക് ആത്മനിർവൃതിയേകി സ്വലാത്ത് നഗറിൽ നടത്തിയ മുഹറം ആശൂറാ സമ്മേളനത്തിന് സമാപനം. ഒരു പകൽ മുഴുവൻ നീണ്ടുനിന്ന ആരാധനാ കർമങ്ങളിൽ പങ്കുകൊള്ളാൻ സംസ്ഥാനത്തിനകത്തും പുറത്തു നിന്നുമായി ആയിരക്കണക്കിന് വിശ്വാസികളാണ് സ്വലാത്ത് നഗറിലെത്തിയത്. മഅ്ദിൻ ചെയർമാൻ സയ്യിദ് ഇബ്റാഹീമുൽ ഖലീൽ അൽ ബുഖാരി പരിപാടികൾക്ക് നേതൃത്വം നൽകി. മാലിന്യ നിർമാർജനം പ്രാവർത്തികമാക്കുന്നതിന് വിശ്വാസികൾ പ്രതിജ്ഞയെടുത്തു.
മുഹറം ആത്മീയസംഗമത്തിൽ പങ്കെടുക്കാനായി നിരവധി വിശ്വാസികൾ ചൊവ്വാഴ്ച രാത്രിതന്നെ മഅദിനിൽ എത്തിയിരുന്നു. ആശൂറാ സംഗമത്തിനെത്തിയ വിശ്വാസികൾക്ക് വിഭവസമൃദ്ധമായ നോമ്പുതുറയും ഒരുക്കി. നോമ്പുതുറക്കുള്ള പലഹാരങ്ങൾ പരിസരപ്രദേശങ്ങളിലെ ഉമ്മമാരാണ് തയ്യാറാക്കിയത്. ഖുർആൻ പാരായണം, സ്വലാത്ത്, ഇഖ്‌ലാസ് പാരായണം, മുഹർറം പത്തിലെ പ്രത്യേക ദിക്‌റുകൾ, പ്രാർഥനകൾ, ചരിത്ര സന്ദേശപ്രഭാഷണം, തഹ്‌ലീൽ, തൗബ എന്നിവയും പരിപാടിയുടെ ഭാഗമായി നടന്നു.
രാവിലെ എട്ടിനു മഅദിൻ ഗ്രാൻഡ് മസ്ജിദിൽ ആരംഭിച്ച ആശൂറാ സമ്മേളനം നോമ്പുതുറയോടെയാണ് സമാപിച്ചത്. മുഹറം ഒന്നു മുതൽ മഅദിൻ അക്കാദമിക്ക് കീഴിൽ നടന്നുവരുന്ന വിവിധ പരിപാടികളുടെ സമാപനസംഗമം കൂടിയായിരുന്നു സമ്മേളനം.
സമസ്ത ഉപാധ്യക്ഷൻ അലി ബാഫഖി തങ്ങൾ പ്രാർഥന നടത്തി. ഹബീബ് കോയ തങ്ങൾ പൊന്മുണ്ടം, സയ്യിദ് ശിഹാബുദ്ദീൻ അഹ്ദൽ മുത്തനൂർ, സയ്യിദ് ഹുസൈൻ അസ്സഖാഫ് കുറ്റ്യാടി, സയ്യിദ് മുഹമ്മദ് ഫാറൂഖ് ജമലുല്ലൈലി, ബാകിർ ശിഹാബ് തങ്ങൾ, സയ്യിദ് ഖാസിം സ്വാലിഹ് ഐദ്രൂസി, സയ്യിദ് അഹ്‌മദുൽ കബീർ ബുഖാരി, പി. ഇബ്‌റാഹീം ബാഖവി, ചാലിയം എ.പി അബ്ദുൽകരീം ഹാജി തുടങ്ങിയവർ പങ്കെടുത്തു.
ജോയിയുടെ മരണം താക്കീത് -ഖലീൽ ബുഖാരി
:തിരുവനന്തപുരത്തു മാലിന്യംനീക്കുന്നതിനിടെ ജോയി എന്ന തൊഴിലാളി മരിച്ച സംഭവം വലിയ താക്കീതാണ് നമുക്ക് നൽകുന്നതെന്ന് മഅദിൻ മുഹറം സമ്മേളനത്തിന് നേതൃത്വംനൽകിയ സമസ്ത സെക്രട്ടറി സയ്യിദ് ഇബ്റാഹീമുൽ ഖലീൽ അൽ ബുഖാരി. നാം മാലിന്യം ഉദാസീനമായി കൈകാര്യംചെയ്തതിനുള്ള വിലയായിരുന്നു ജോയി എന്ന മനുഷ്യന്റെ ജീവൻ. പടിയിറക്കി വിട്ട പകർച്ചവ്യാധികൾ പൂർവാധികം ശക്തിയോടെ മടങ്ങിവരുന്ന വാർത്തകളാണ് ഓരോദിവസവും കേൾക്കുന്നത്. പകർച്ചപ്പനിയും മഞ്ഞപ്പിത്തവും മറ്റു പകർച്ചവ്യാധികളുമെല്ലാം ജീവനും പരിസ്ഥിതിക്കും ഭീഷണിയായി മാറിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.