വേങ്ങര: വേങ്ങര ഗ്രാമ പഞ്ചായത്ത് ട്രാഫിക് റഗുലേറ്ററി കമ്മിറ്റിയും വേങ്ങര പോലീസ് അതോരിറ്റിയും സംയുക്തമായി വേങ്ങര ടൗണിലെ അനധികൃത ഓട്ടോറിക്ഷാ പാർക്കിംഗ് നിരോധിക്കുന്നതിന്റെ ഭാഗമായി ടൗണിൽ മിന്നൽ പരിശോധന നടത്തി. ഇടുങ്ങിയതും ധാരാളം വഴിയാത്രക്കാരും സ്കൂൾ - കോളേജ് കുട്ടികളും ഉപയോഗിക്കുന്നതുമായ ഗേൾസ് സ്കൂളിന് മുൻവശത്തു കൂടി കടന്നുപോകുന്ന റോഡിൽ നടത്തിയ പരിശോധനയിൽ അനധികൃതമായി നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷ ഡ്രൈവർമാർക്ക് താക്കീത് നൽകി. ഇത്തരത്തിൽ നിരുത്തരവാദ സമീപനം കൈക്കൊള്ളുന്ന ഓട്ടോറിക്ഷകൾക്കെതിരെ കർക്കശ നിലപാട് കൈക്കൊള്ളുന്നതാണെന്ന മുന്നറിയിപ്പ് നൽകി. സമീപ വാസികളോട് അനധികൃത ഓട്ടോറിക്ഷകൾ കാണുന്നപക്ഷം ഫോട്ടോ എടുക്കുന്നതിന്നും പഞ്ചായത്ത് പ്രസിഡൻ്റിന് കൈമാറുന്നതിന്നും അറിയിപ്പ് നൽകി.
അടുത്ത ദിവസങ്ങളിൽ തന്നെ ട്രാഫിക് കോണുകൾ, സ്റ്റാൻ്റിംഗ് ബോർഡുകൾ, സിഗ്നൽ ബോർഡുകൾ മുതലായവ സ്ഥാപിക്കുന്നതിനും തീരുമാനമെടുത്തു. തോന്നിയിടങ്ങളിൽ എല്ലാം നിർത്തി ആളുകളെ കയറ്റി പോകുന്ന ബസ്സുകളെ നിയന്ത്രിക്കുന്നതിൻ്റെ ഭാഗമായി നിശ്ചിത സ്ഥലങ്ങളിൽ ബസ് സ്റ്റോപ് ബോർഡുകൾ സ്ഥാപിക്കുന്നതിനും പഞ്ചായത്ത് അധികൃതർ തീരുമാനമായി. വരും നാളുകളിൻ റോഡ് നിയമങ്ങൾ കർശനമാക്കുമെന്നും കനത്ത പിഴ ചുമത്തുമെന്നും പോലീസ് അധികാരികൾ അറിയിച്ചു.
മിന്നൽ പരിശോധനയിൽ വേങ്ങര പഞ്ചായത്ത് പ്രസിഡൻ്റ് ഹസീന ഫസൽ, മെമ്പർമാരായ കുറുക്കൻ മുഹമ്മദ്, ഉണ്ണികൃഷ്ണൻ, പോലിസ് സബ് ഇൻസ്പെക്ടർ സുരേന്ദ്രൻ, സിവിൽ പോലിസ് ഓഫീസർ ഗണേശൻ സീനിയർ ക്ലർക്ക് നിസ്സാർ.ടി.പി എന്നിവരെ കൂടാതെ ഓട്ടോ തൊഴിലാളി യൂണിയൻ നേതാക്കളും പങ്കെടുത്തു.