വേങ്ങര: എസ് എസ് എഫ് വേങ്ങര ഡിവിഷൻ മുപ്പത്തി ഒന്നാമത് എഡിഷൻ സാഹിത്യോത്സവ് ജൂലൈ 24 മുതൽ 28 വരെ ഊരകം കോട്ടുമലയിൽ നടക്കും. കല, സാഹിത്യ, സാംസ്‌കാരിക രംഗത്തെ വേറിട്ട ആഘോഷമായിട്ടാണ് ഡിവിഷൻ സാഹിത്യോത്സവ് അരങ്ങേറുക.
1993ൽ എസ് എസ് എഫ് തുടങ്ങിവെച്ച വിദ്യാര്‍ഥികളുടെ കലാസാഹിത്യ മത്സര വേദിയായ സാഹിത്യോത്സവ് വേങ്ങരയുടെ മികച്ച സാംസ്‌കാരിക കലാമേളയായി വളര്‍ന്നു. എഴുത്ത്, പ്രഭാഷണം, ആലാപനം, വര, അവതരണം എന്നിങ്ങനെ ആവിഷ്‌കാരത്തിന്റെ ബഹുമുഖ തലങ്ങള്‍ക്ക് സാഹിത്യോത്സവ് അവസരം നല്‍കുന്നു. ചരിത്രത്തിന്റെ ഉള്‍താളുകളില്‍ നിന്നും വര്‍ത്തമാനത്തിന്റെ പൊള്ളുന്ന പരിസരത്തില്‍ നിന്നുമുള്ള ചര്‍ച്ചകളാണ് സാഹിത്യോത്സവുകളെ ക്രിയാത്മകമാക്കുന്നത്.
നൂറ്റി അമ്പതിലധികം മത്സരങ്ങളിലായി രണ്ടായിലരത്തിലധികം പ്രതിഭകൾ പങ്കെടുക്കുന്ന ഡിവിഷൻ മത്സരത്തിന് മുന്നോടിയായി ഫാമിലി സാഹിത്യോത്സവ് 5000 കുടുംബങ്ങളിൽ നടന്നു. ഗ്രാമങ്ങളിലെ വിവിധ ഭാഗങ്ങളെ ബ്ലോക്ക് ആക്കി തിരിച്ച് 250 കേന്ദ്രങ്ങളിൽ ബ്ലോക്ക് സാഹിത്യോത്സവും, 94 യൂണിറ്റ് സംവിധാനങ്ങളിൽ ബ്ലോക്ക് തലത്തിൽ വിജയിച്ചവരുടെ മത്സരവും,10 സെക്ടർ തലത്തിലും മത്സരം നടന്നു.
177 ഇനങ്ങളിൽ 10 സെക്ടറിൽ നിന്നും വിജയിച്ച മത്സരാർത്ഥികളാണ് വേങ്ങര ഡിവിഷൻ സാഹിത്യോസവിൽ മാറ്റുരക്കുക. വേങ്ങരയിലെ നാടും വീടും സാഹിത്യോത്സവ് ലഹരിയിലാണ്. ഡിവിഷൻ മത്സരത്തോടെ പതിനായിരങ്ങളാണ് ഈ കലാ മാമാങ്കത്തിൽ പങ്കു ചേരുക.
വിവിധ കലാ സാഹിത്യ മത്സരങ്ങൾക്ക് പുറമെ, സെമിനാറുകൾ, പഠനങ്ങൾ, ചർച്ചാ സെഷനുകൾ, പുസ്തക മേള, കൾച്ചറൽ എക്സിബിഷൻ, ഘോഷയാത്ര, ജനകീയ സദസ്സ് തുടങ്ങി വ്യത്യസ്ത ആവിഷ്കാരങ്ങൾക്ക് കോട്ടുമലയിൽ വേദിയാവുന്നുണ്ട്.
ബുധൻ വൈകീട്ട് നാലു മണിക്ക് ജനകീയ സംഘാടക സമിതി ചെയർമാൻ ഇബ്രാഹീം ബാഖവി പതാക ഉയർത്തും . വേങ്ങരയിൽ നിന്നും മരണപ്പെട്ട സംഘടനാ കൂട്ടുകാരുടെ ഖബറിടത്തിലും പുണ്യ പുരുഷന്മാരുടെ മഖ്ബറകളിലും സയ്യിദ് പി എം എസ് തങ്ങളുടെ നേതൃത്വത്തിൽ പ്രാർത്ഥന നടത്തിയാണ് പതാക കൊണ്ട് വരിക. പാതക ജാഥയോടപ്പം സിയാറത്തിന് പ്രമുഖ പണ്ഡിതരും സയ്യിദന്മാരും നേതൃത്വം നൽകും.
രാത്രി നടക്കുന്ന ആത്മീയ വേദിയിൽ ഡോ: മുഹമ്മദ് ഫാറൂഖ് നഈമി അൽ ബുഖാരി കൊല്ലം മുഖ്യ പ്രഭാഷണം നടത്തും. സയ്യിദ് ജഅ്ഫർ തുറാബ് തങ്ങൾ ഉദ്‌ഘാടനം ചെയ്യും.വേങ്ങര ലൈവ്. സാഹിത്യോത്സവ് സുവനീർ "ഒരു ദേശത്തിന്റെ കൈപ്പട സാഹിത്യോത്സവ് വർത്തമാനം അജ്‍ഫാൻ ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ നെച്ചിക്കാട്ടിൽ മുഹമ്മദ് കുട്ടി പ്രകാശനം ചെയ്യും. ജൂലൈ 25 നു വൈകുന്നേരം നാല് മണിക്ക് കോട്ടുമല പുസ്തകോത്സവം കെ എം ഷാഫി ഉദ്ഘടനം ചെയ്യും. തുടർന്ന് നടക്കുന്ന സാംസ്‌കാരിക ചർച്ചയിൽ എൻ ഉബൈദ് മാസ്റ്റർ, ഡോ: ഉമറുൽ ഫാറൂഖ് സഖാഫി, ജലീൽ കല്ലേങ്ങൽപടി, സൽമാൻ ഊരകം, സഈദ് കോട്ടുമല എന്നിവർ സംസാരിക്കും. രാത്രി ഏഴിന് നടക്കുന്ന ഒ.കെ ഉസ്താദ് ചരിത്രം; ജീവിതം സിമ്പോസിയത്തിൽ പ്രമുഖ ചരിത്രകാരന്മാരും അക്കാഡമീഷ്യൻസും പ്രബന്ധം അവതരിപ്പിക്കും. അബ്ദുള്ള അഹ്സനി ചെങ്ങാനി നേതൃത്വം നൽകും.
ജൂലൈ 26 വെള്ളി നടക്കുന്ന റൗളത്തുൽ ഖുർആൻ വനിതാ പഠിതാക്കളുടെ സംഗമം സയ്യിദ് ശിഹാബുദ്ധീൻ ബുഖാരി കടലുണ്ടി ഉദ്ഘാടനം ചെയ്യും . പ്രശസ്ത വാഗ്മി ഇബ്രാഹീം സഖാഫി താത്തൂർ പ്രഭാഷണം നടത്തും. ജൂലൈ 27ന് രാവിലെ 10 മണിക്ക് 11 വേദികളിലായി സ്റ്റേജ് മത്സരങ്ങളും സ്റ്റേജിതര മത്സരങ്ങളും ആരംഭിക്കും. വൈകുന്നേരം 5 മണിക്ക് നടക്കുന്ന സാഹിത്യോത്സവ് ഉദ്ഘാടനം കേരള പ്രതിപക്ഷ ഉപ നേതാവ് പി കെ കുഞ്ഞാലികുട്ടി നിർവഹിക്കും. എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് ഫിർദൗസ് സഖാഫി കടവത്തൂർ സാഹിത്യ പ്രഭാഷണം നടത്തും. കെ പി സി സി സെക്രട്ടറി കെ പി അബ്‌ദുൾ മജീദ്, യൂത്ത് ലീഗ് ജില്ലാ അധ്യക്ഷൻ ശരീഫ് കുറ്റൂർ, ഡി വൈ എഫ് ഐ ജില്ലാ സെക്രട്ടറി ശ്യാമ പ്രസാദ്, മുൻ പി എസ് സി മെമ്പർ കടമ്പോട്ട് മുസ്തഫ മാസ്റ്റർ, മുസ്‌ലിം ജമാഅത്ത് ജില്ലാ സെക്രട്ടറി എ അലിയാർ ഹാജി, സാഹിത്യകാരൻ എം ജെ ശ്രീചിത്രൻ എന്നിവർ സംസാരിക്കും. സയ്യിദ് പി എം എസ് തങ്ങൾ കോട്ടുമല പ്രാർത്ഥന നിർവഹിക്കും.
രാത്രി ഏഴിന് നടക്കുന്ന വിദ്യാർത്ഥി സംവാദത്തിൽ വിത്യസ്ത വിദ്യാർത്ഥി സംഘടനാ നേതാക്കൾ സംബന്ധിക്കും.
ജൂലൈ 28 ഞായർ വൈകുന്നേരം നടക്കുന്ന സമാപന സംഗമത്തിൽ സയ്യിദ് ജഅ്ഫർ തുറാബ് തങ്ങൾ,
ഊരകം അബ്ദുറഹ്മാൻ സഖാഫി, അബ്ദുൽ ഹഫീള് അഹ്സനി, പി കെ എം സഖാഫി ഇരിങ്ങല്ലൂർ തുടങ്ങിയ പ്രമുഖർ സംബന്ധിക്കും.
മത്സരാർത്ഥികളെയും കലാ പ്രേമികളെയും സ്വീകരിക്കാൻ കോട്ടുമലയിൽ വലിയ ഒരുക്കങ്ങളാണ് നടന്നു വരുന്നത്. വിവിധ രാഷ്ട്രീയ പാർട്ടികൾ, മത സംഘടനകൾ, സംസ്കാരിക സാഹിത്യ ക്ലബ്ബുകൾ എന്നിവരുടെ നേതൃത്വത്തിൽ ജനകീയ സംഘാടക സമിതി രൂപികരിച്ചു പ്രവർത്തിച്ചു വരുന്നുണ്ട്. ജനകീയ സംഘാടക സമിതിയുടെ പ്രവർത്തങ്ങൾ ക്രമീകരിക്കുന്നതിന് സാംസ്‌കാരിക നിലയമായി കലാ ഭവനം തുറന്നിട്ടുണ്ട്. ഊരകത്തെ വീട്ടമ്മമാർ, കച്ചവടക്കാർ, പൊതു ജനങ്ങൾ എന്നിവരുടെ വലിയ സഹകരണവും പിന്തുണയുമാണ് സാഹിത്യോത്സവിനെ ഇത്രമാത്രം ജനകീയമാക്കിയത്.
സയ്യിദ് പി എം എസ്.തങ്ങൾ - ചെയർമാൻ ജനകീയ സംഘാടക സമിതി, എം.കെ.ശറഫുദ്ധീൻ - വാർഡ് മെമ്പർ, ശക്കീർ സഖാഫി - കൺവീനർ ജനകീയ സംഘാടക സമിതി, നസീർ സഖാഫി കോട്ടുമല - പ്രോഗ്രാം കൺവീനർ, എം.സഈദ് സഅദി - കോർഡിനേറ്റർ സാഹിത്യോത്സവ് 2024, എം കെ ഹംസ ഹാജി - സെകട്ടറി മുസ്ലിം ജമാഅത് എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.