പറപ്പൂർ: പ്രളയം പറപ്പൂർ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളെ വെള്ളത്തിലാക്കി. 1, 2,5,6,7,10,11,18,19 വാർഡുകളിലായി 1500 ലധികം വീടുകളിൽ വെള്ളം കയറി. വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിലെ 80 ശതമാനത്തിലധികം കുടുംബങ്ങളും ബന്ധുവീടുകളിലേക്ക് താമസം മാറി. അവശേഷിക്കുന്നവർ രണ്ട് ക്യാമ്പുകളിലായി താമസിപ്പിച്ചിരിക്കുകയാണ്.
കുറ്റിത്തറ യു പി സ്കൂളിൽ 277 പേരും പുഴച്ചാൽ എൽ.പി സ്കൂളിൽ 190 പേരുമാണുള്ളത്. പഞ്ചായത്തിലെ ഇല്ലിപ്പലാക്കൽ, എരുമപ്പുഴ, പുഴച്ചാൽ, കല്ലക്കയം, കുറ്റിത്തറ, ഇരിങ്ങല്ലൂർ, തോണിക്കടവ്, കുഴിപ്പുറം, കിഴക്കേകുണ്ട്, പാറക്കടവ്, വടക്കുംമുറി ഭാഗങ്ങളിലാണ് വ്യാപകമായി വീടുകളിൽ വെള്ളം കയറിയത്. ഹെക്ടർ കണക്കിന് കപ്പകൃഷിയും വെള്ളത്തിലായി.
ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഇ കെ സൈദുബിൻ, ആറാം വാർഡ് മെമ്പർ എ.പി ഷാഹിദ എന്നിവർ ചെയർമാൻമാരായും ടി.വി.ചന്ദ്രശേഖരൻ, ഹസീബ് എന്നിവർ കോഓഡിനേറ്റർമാരായുമാണ് ക്യാമ്പ് നടത്തുന്നത്. ദുരിതാശ്വാസ ക്യാമ്പ് പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി, ജില്ലാ പഞ്ചായത്തംഗം ടി.പി.എം ബഷീർ, ബ്ലോക്ക് പ്രസിഡൻ്റ് എം.ബെൻസീറ, വൈസ് പ്രസിഡൻ്റ് പുളിക്കൽ അബൂബക്കർ മാസ്റ്റർ, ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് അംജദ ജാസ്മിൻ, സെക്രട്ടറി ടി.സജീഷ്, ലീഗ് നേതാക്കളായ എം.എം കുട്ടി മൗലവി, പി.കെ അസ് ലു, ഇ കെ സുബൈർ, വി.എസ് ബഷീർ എന്നിവർ സന്ദർശിച്ചു.