വേങ്ങര കൂരിയാട് കടലുണ്ടിപ്പുഴയുടെ കര വീണ്ടും ഇടിഞ്ഞനിലയിൽ

വേങ്ങര : വേങ്ങര കൂരിയാട് കടലുണ്ടിപ്പുഴയുടെ കര വീണ്ടും ഇടിയുന്നു. കരയിടിച്ചിൽ തടയുന്നതിന് അധികൃതരുടെ ഭാഗത്തുനിന്ന് ഇതുവരെ ഒരു നടപടിയുമുണ്ടായിട്ടില്ല.

ദേശീയപാത ആറുവരിയാക്കുന്നതിന്റെ ഭാഗമായി പുതുതായി പാലംനിർമിക്കുന്നതിന് താഴ്ഭാഗത്തായാണ് കഴിഞ്ഞ മഴക്കാലത്ത് 100 മീറ്ററിലധികം നീളത്തിൽ മൂന്നു മീറ്ററോളം വീതിയിൽ കരയിടിഞ്ഞ് പുഴയിലേക്കുവീണത്.

പുഴ വളവുതിരിഞ്ഞുവരുന്ന ഇവിടെ ഒഴുക്കു ശക്തമായതിനാലും ഉറപ്പുകുറഞ്ഞ മണ്ണായതിനാലും കരയിടിച്ചിൽ പതിവാണ്.

ശക്തമായ ഒഴുക്കിൽ വിളക്കീരി കുറ്റിപ്പുറത്ത് ഗോപാലകൃഷ്ണൻ, സഹോദരി ലക്ഷ്മിക്കുട്ടി എന്നിവരുടെ പുരയിടത്തിന്റെ ഭാഗമാണ് ഇടിഞ്ഞുവീണത്.

ഭൂമിയോടൊപ്പം കവുങ്ങ്, തെങ്ങ്, തേക്ക് തുടങ്ങിയ മരങ്ങളും പുഴയിലേക്കു വീണിട്ടുണ്ട്. മഴക്കാലം തുടങ്ങിയതോടെ ഇത്തവണയും കരയിടിയാൻ തുടങ്ങിയിട്ടുണ്ട്.

പുതിയ പാലത്തിന്റെ കാലിന് കുഴിയെടുത്തപ്പോൾ നീക്കി കൂട്ടിയിട്ട മണ്ണ് നീക്കംചെയ്യാത്തതാണ് പുഴ ഗതിമാറി ഒഴുകാനും ഒഴുക്കുകൂടാനും ഇത്രയധികം ഭാഗം ഇടിയാനും ഇടയാക്കിയതെന്ന് കുടുംബം പരാതിപ്പെടുന്നു.

ഇത്തരത്തിൽ മണ്ണിടിഞ്ഞാൽ താമസിക്കുന്ന വീടുകൂടി അപകടത്തിലാവുമോ എന്നതാണ് ഇവരുടെ പേടി. ഇക്കാര്യമുന്നയിച്ച് ജില്ലാകളക്ടറുൾപ്പെടെയുള്ളവർക്ക് കുടുംബം പരാതി നൽകിയിരുന്നു.

ഇതോടെ അധികൃതർ സംഭവസ്ഥലം സന്ദർശിക്കുകയും പരിശോധിക്കുകയും കാര്യം ബോധ്യപ്പെട്ടതിനാൽ വേണ്ട നടപടികൾ സ്വീകരിക്കാമെന്ന് അറിയിക്കുകയും ചെയ്തിരുന്നു.

എന്നാലിതുവരെ ഇതിനൊരു തുടർനടപടിയും ആയിട്ടില്ലെന്നാണ് ഇരകളുടെ പരാതി.

ഈ ഭാഗങ്ങളിലൊന്നും പുഴയ്ക്ക് സംരക്ഷണഭിത്തിയില്ല. പാലത്തിനടുത്ത് ഉറപ്പുകുറഞ്ഞ മണ്ണുള്ള ഭാഗത്ത് പാർശ്വഭിത്തികെട്ടി സംരക്ഷിക്കണമെന്നത് കാലങ്ങളായുള്ള ആവശ്യമാണ്.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}