വേങ്ങര : വേങ്ങര ഗ്രാമപ്പഞ്ചായത്തിലെ കച്ചേരിപ്പടി വില്ലേജ് ഓഫീസ് വളപ്പിൽ നിർമിക്കാനുദ്ദേശിക്കുന്ന റവന്യൂ ടവറിന്റെ അനുമതിക്കായുള്ള നടപടികൾ വേഗത്തിലാക്കണമെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി എം.എൽ.എ. ആവശ്യപ്പെട്ടു.
തിരുവനന്തപുരത്ത് റവന്യൂ മന്ത്രിയുടെ അധ്യക്ഷതയിൽ നടന്ന റവന്യൂ അസംബ്ലിയിലാണ് എം.എൽ.എ. ഈ ആവശ്യം ഉന്നയിച്ചത്.
കഴിഞ്ഞ നവംബറിൽ ഈ വിഷയം ഉന്നയിച്ചതിന്റെ അടിസ്ഥാനത്തിൽ സ്ഥലം പരിശോധിച്ച് സാധ്യതാ റിപ്പോർട്ട് ലഭ്യമാക്കാൻ റവന്യൂ മന്ത്രി നിർദേശം നൽകിയിരുന്നു.
തഹസിൽദാരുടെ നേതൃത്വത്തിലുള്ള റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിക്കുകയും റവന്യൂ ടവർ നിർമാണത്തിന് സ്ഥലം അനുയോജ്യമാണെന്ന റിപ്പോർട്ട് ജില്ലാ കളക്ടർക്ക് സമർപ്പിക്കുകയും ചെയ്തു.
ജൂൺ 20-ന് ചേർന്ന റവന്യൂ അസംബ്ലി കളക്ടറുടെ റിപ്പോർട്ട് ചർച്ച ചെയ്യുകയും തുടർനടപടികൾ സ്വീകരിക്കാൻ ജില്ലാ കളക്ടറെ ചുമതലപ്പെടുത്തുകയും ചെയ്തു.
സർക്കാരിന്റെ സാമ്പത്തികപ്രതിസന്ധി കാരണം പദ്ധതി മുടങ്ങാതിരിക്കാൻ കെട്ടിടം നിർമിക്കുന്നതിനാവശ്യമായ തുക എം.എൽ.എ.യുടെ ആസ്തി വികസന ഫണ്ടിൽനിന്ന് വകയിരുത്താമെന്നും പി.കെ. കുഞ്ഞാലിക്കുട്ടി ഉറപ്പ് നൽകി.