തിരൂരങ്ങാടി: നഗരസഭയുടെ മാലിന്യ നിർമ്മാജനത്തിലെ അനാസ്ഥ നഗരകാര്യ ജോയിന്റ് ഡയറക്ടറുടെ സ്പെഷ്യൽ എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് മിന്നൽ പരിശോധന നടത്തി.പൊതുപ്രവർത്തകനായ അബ്ദുൽ റഹീം പൂക്കത്ത് പ്രിൻസിപ്പൽ ഡയറക്ടർക്ക് നൽകിയ പരാതിയിലാണ് ജോയിന്റ് ഡയറക്ടർ ഓഫീസിലെ സ്പെഷ്യൽ എൻഫോഴ്സ്മെൻറ് വിഭാഗം പരിശോധന നടത്തിയത്.
നഗരസഭയിലെ 37-ാം ഡിവിഷനിലെ വെഞ്ചാലി മാലിന്യ സംസ്കരണ കേന്ദ്രത്തിലെ പരിശോധനയിൽ ഒട്ടേറെ അപാകതകളാണ് കണ്ടെത്തിയിരിക്കുന്നത്.വീടുകളിൽ നിന്ന് യൂസർ ഫീ വാങ്ങി ശേഖരിച്ച അജൈവമാലിന്യങ്ങൾ മതിയാവിധം കയ്യൊഴിയാതെ നഗരസഭയുടെ മാലിന്യ പ്ലാന്റിൽ മഴയും വെയിലും ഏൽക്കുന്ന തരത്തിൽ കുന്ന് കൂട്ടി ഇട്ടിരിക്കുന്നതായും, മാലിന്യ സംസ്കരണ കോമ്പൗണ്ടിനകത്ത് ചെളിയും വെള്ളവും കെട്ടി കിടക്കുന്നതിനാൽ ഹരിത കർമ്മ സേനാംഗങ്ങൾക്കോ,ഉദ്യോഗസ്ഥർക്കോ കടന്നുചെല്ലാൻ കഴിയാത്ത അവസ്ഥയിലാണെന്നും,ഉദ്യോഗസ്ഥർ നേരാവണ്ണം ഈ സ്ഥലങ്ങൾ പരിശോധിക്കാറില്ലെന്നും, ശേഖരിച്ചമാലിന്യങ്ങൾ കയറ്റി അയച്ചിട്ട് മാസങ്ങൾ പിന്നിടുന്നതായും,10 ഓളം കണ്ടെയ്നറുകളിൽ കയറ്റി അയക്കാനുള്ള അജൈവ മാലിന്യങ്ങളുടെ കൂമ്പാരങ്ങൾ ഉള്ളതായും കണ്ടെത്തി. ശേഖരിച്ച മാലിന്യങ്ങൾ കുമിഞ്ഞുകൂട്ടിയത് വഴി പ്രദേശത്തുള്ളവർക്ക് വലിയ തരത്തിൽ ആരോഗ്യ ഭീഷണി നേരിടുന്നതായും പരാതികൾ ഉയരുന്നുണ്ട്.
നഗരസഭ മാലിന്യനിർമാർജനത്തിനായി പ്രഖ്യാപിച്ച 43 ലക്ഷം രൂപയുടെ പദ്ധതികളും ഫയലിൽ ഉറങ്ങുകയാണ്.
അജൈവ മാലിന്യ സംഭരകേന്ദ്രത്തിന് 20 ലക്ഷവും, തുമ്പൂർമുഴി മോഡൽ ജൈവ മാലിന്യ സംസ്കരണ പദ്ധതിക്ക് 23 ലക്ഷം എന്നിങ്ങനെയാണ് തുക നീക്കി വെച്ചിരുന്നത്.ഇരുകേന്ദ്രങ്ങൾക്കായും കെട്ടിടങ്ങൾ നിർമ്മിച്ചെങ്കിലും പദ്ധതി പൂർണ്ണ തോതിൽ നടപ്പിലാക്കാൻ ഇതുവരെ നഗരസഭ അധികൃതർക്ക് ആയിട്ടില്ല.ഇതോടെ മാലിന്യ സംസ്കരണവും കയ്യൊഴിയിലും അവതാളത്തിൽ ആയിരിക്കുകയാണ്.
രണ്ടു പദ്ധതികൾക്കായി നിർമ്മിച്ച കെട്ടിടത്തിന് അകത്തും പുറത്തും മാലിന്യ കൂമ്പാരത്താൽ നിറഞ്ഞിരിക്കുകയാണ്.
മാലിന്യം സംസ്കരിക്കുന്നതിലും കയ്യൊഴിയുന്നതിലും നഗരസഭ ആരോഗ്യ വിഭാഗവും ഭരണനേതൃത്വവും പൂർണ്ണ പരാജയമാണെന്ന് എംപി സ്വാലിഹ് തങ്ങൾ കുറ്റപ്പെടുത്തി.
സ്പെഷ്യൽ എൻഫോഴ്സ്മെന്റ് സ്ക്വാഡ് (വേസ്റ്റ് മാനേജ്മെൻറ്) ഓഫീസർ രാജൻ പത്തൂർ പൊതുപ്രവർത്തകരായ എം.പി സ്വാലിഹ് തങ്ങൾ, അബ്ദുൽ റഹീം പൂക്കത്ത് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.പരിശോധനയിൽ തിരൂരങ്ങാടി നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ സുരേഷ് എപി, സീനിയർ എച്ച്ഐ സ്മിത പിപി,ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ദേവയാനി എംവി, നിഷാന്ത് എം, ജിജി പിവി,അനസ്,ഋതു ചന്ദ് എന്നിവരുടെ സാനിധ്യത്തിലാണ് പരിശോധന നടത്തിയത്.
നഗരസഭയുടെ വിവിധ ഡിവിഷനുകളിൽ നടത്തിയ പരിശോധനയിൽ പൂക്കുളങ്ങര, വടക്കേ മമ്പുറം, തിരൂരങ്ങാടി മാർക്കറ്റ് എന്നിവിടങ്ങളിലെല്ലാം മാലിന്യങ്ങൾ കൂട്ടിയിട്ടതായും സംസ്കരിക്കാത്തതായും കണ്ടെത്തിയിട്ടുണ്ട്.
ഇക്കാര്യത്തിൽ നഗരസഭാ സെക്രട്ടറിക്ക് നോട്ടീസ് നൽകുമെന്നും പരിശോധന റിപ്പോർട്ട് മേൽ നടപടികൾക്കായി നഗരകാര്യ ജോയിന്റ് ഡയറക്ടർക്ക് കൈമാറുമെന്നും സ്പെഷ്യൽ എൻഫോയിസ്മെന്റ് സ്ക്വാഡ് അറിയിച്ചു.