അതിർത്തിയിൽ ഇ-പാസ് തർക്കം

എടക്കര/നിലമ്പൂർ: ഊട്ടിയിലേക്കുള്ള സന്ദർശകർക്ക് ഇ-പാസ് ഏർപ്പെടുത്തിയ നടപടി ആയിരക്കണക്കിനു യാത്രക്കാരെ വലച്ചു. നാടുകാണി ചുരം വഴി നീലഗിരി ജില്ലയുടെ മറ്റു പ്രദേശങ്ങളിലേക്കുള്ള യാത്രക്കാർക്കും എന്തിനാണ് പാസ് എന്ന് ചോദിച്ച് യാത്രക്കാർ ബഹളമുണ്ടാക്കി. തുടർന്ന് ജില്ലാ കളക്ടർ എം. അരുണ ചെക്ക് പോസ്റ്റ് സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.

നാടുകാണി, ചോലാടി, പാട്ടവയൽ, താളൂർ, കാക്കനഹള്ള എന്നീ അതിർത്തി ചെക്ക് പോസ്റ്റുകളിലാണ് ചൊവ്വാഴ്ച രാവിലെ മുതൽ പരിശോധന നടന്നത്. ഊട്ടിയിലേക്ക് യാത്ര ചെയ്യാത്തവർക്കും ഇ-പാസ് നിർബന്ധമാക്കിയത് വ്യാപക പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. ബസ് ഒഴികെ മുഴുവൻ വാഹനങ്ങളിലെ യാത്രക്കാരെയും ജീവനക്കാരെയും പരിശോധിച്ചാണ് കടത്തിവിടുന്നത്. രാവിലെ മുതൽ വാഹനങ്ങളുടെ നീണ്ട നിരയാണ് ചെക്ക്പോസ്റ്റിൽ അനുഭവപ്പെട്ടത്. മലപ്പുറത്തിന്റെ അതിർത്തിജില്ലയാണ് നീലഗിരി. വിവാഹത്തിനും ചികിത്സയ്ക്കും ബന്ധുസന്ദർശനത്തിനും കച്ചവടത്തിനും ഉത്സവത്തിനുമായി നൂറുകണക്കിനാളുകളാണ് ഇതുവഴി യാത്ര ചെയ്യുന്നത്.

നീലഗിരി കളക്ടറേറ്റിലെ ഉദ്യോഗസ്ഥർക്കാണ് പരിശോധനയുടെ ചുമതല. ആർ.ഡി.ഒ. ആണ് പരിശോധന ഏകോപിപ്പിക്കുന്നത്. വിനോദസഞ്ചാര സീസണായ ഏപ്രിൽ, മേയ് മാസങ്ങളിൽ ഊട്ടിയിലേക്കുള്ള സഞ്ചാരികളുടെ എണ്ണം ക്രമാതീതമായി ഉയരുന്ന പശ്ചാത്തലത്തിൽ ഊട്ടിയിലെ സാധാരണക്കാരുടെ ജീവിതം തടസ്സപ്പെടുന്നുവെന്നാരോപിച്ച് നൽകിയ പൊതുതാത്പര്യഹർജിയെ തുടർന്നാണ് മദ്രാസ് ഹൈക്കോടതി ഇ-പാസ് നിർബന്ധമാക്കിയത്.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}