രാജ്യസഭയിലേക്ക് മത്സരിക്കാനില്ലെന്നും എനിക്കിവിടെ ആവശ്യത്തിന് പണിയുണ്ടെന്നും മുസ്‍ലീം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് ശേഷം രാജ്യസഭാ സ്ഥാനാർഥിയുടെ കാര്യം ചർച്ച ചെയ്യുമെന്നാണ് കുഞ്ഞാലിക്കുട്ടി കഴിഞ്ഞ ദിവസം പറഞ്ഞത്. ഇൻഡ്യാ സഖ്യം അധികാരത്തിലെത്തുകയാണെങ്കിൽ പി.കെ കുഞ്ഞാലിക്കുട്ടി മത്സരിക്കണമെന്ന ആവശ്യമാണ് ഒരു വിഭാഗം മുന്നോട്ടുവെക്കുന്നത്. ഇതിനിനിടെ, പുതുമുഖങ്ങെള പരിഗണിക്കുമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. വേങ്ങര ലൈവ്. ഈ വിഷയത്തിൽ ലീഗിനകത്ത് തർക്കങ്ങളില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇൻഡ്യാ സഖ്യം അധികാരത്തിലെത്തിയാൽ ലീഗിന് ഒരു മന്ത്രിസ്ഥാനം ലഭിക്കാൻ സാധ്യതയുണ്ട്. യു.പി.എ മന്ത്രിസഭകളിൽ മുസ്‌ലിം ലീഗ് ദേശീയ നേതാവായിരുന്ന ഇ. അഹമ്മദ് മന്ത്രിയായിരുന്നു. ഇത്തവണ ഇൻഡ്യാ സഖ്യം വരികയാണെങ്കിൽ മുതിർന്ന നേതാവായ കുഞ്ഞാലിക്കുട്ടി മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കുമെന്ന് പറയുന്നവർ ലീഗിനകത്തുണ്ട്.
നേരത്തെ എം.എൽ.എ സ്ഥാനം രാജിവച്ച് ലോക്‌സഭയിലേക്ക് മത്സരിച്ച കുഞ്ഞാലിക്കുട്ടി പിന്നീട് എം.പി സ്ഥാനം രാജിവച്ച് വീണ്ടും നിയസഭയിലേക്ക് മത്സരിച്ചിരുന്നു. ഇത്തരത്തിൽ അനാവശ്യമായി ഉപതെരഞ്ഞെടുപ്പിന് വഴിയൊരുക്കുന്നത് പാർട്ടിക്ക് വലിയ തിരിച്ചടിയുണ്ടാക്കുമെന്ന വിമർശനവും ഉയരുന്നുണ്ട്. വേങ്ങര ലൈവ്. കുഞ്ഞാലിക്കുട്ടി മത്സരിക്കുന്നില്ലെങ്കിൽ മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം, യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി അഡ്വ. ഫൈസൽ ബാബു തുടങ്ങിയവരുടെ പേരുകളാണ് പരിഗണിക്കപ്പെടുന്നത്.