കോട്ടക്കൽ: പറപ്പൂർ ഐ യു ഹയർ സെക്കൻഡറി സ്കൂൾ കൃഷി മുതൽ എ ഐ വരെയുള്ള സകല മേഖലകളിലും കുട്ടികളെ സജ്ജരാക്കുക എന്നുള്ള ലക്ഷ്യത്തോടെ നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ ഭാഗമായി നാലരേക്കർ സ്ഥലത്ത് നെൽകൃഷി നടത്തുകയും അതിൽ നിന്ന് ലഭിച്ച 10,034 കിലോ നെല്ല് ഉപയോഗിച്ച് തവിടോടുകൂടി അരി, അപ്പം പൊടി, പുട്ടുപൊടി, അവിൽ എന്നീ മൂല്യ വർധിത ഉൽപ്പന്നങ്ങളുണ്ടാക്കി വിപണനം നടത്തി. നെല്ല് കൊയ്ത് പാടത്ത് സൂര്യകാന്തി കൃഷിയും പച്ചക്കറി കൃഷിയും നടത്തിയിരുന്നു. സൂര്യകാന്തി ഇപ്പോൾ പുഷ്പിച്ചിരിക്കുകയാണ്.
വെണ്ട, ചെരങ്ങ, വത്തക്ക, വെള്ളരി, പയർ, കുമ്പളം തുടങ്ങിയ പച്ചക്കറികളും വിളവെടുപ്പിന് സജ്ജം ആയിട്ടുണ്ട്.
ഐ യു ഹയർ സെക്കൻഡറി സ്കൂളിലെ 248 കാർഷിക ക്ലബ് അംഗങ്ങളും, അധ്യാപകരും, പി ടി എ ഭാരവാഹികളും കാർഷിക പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. മാനേജർ മൊയ്തീൻകുട്ടി എന്ന കുഞ്ഞു, പ്രഥമ അധ്യാപകൻ മമ്മു, പിടിഎ പ്രസിഡന്റ് സി ടി സലീം, കാർഷിക ക്ലബ് കൺവീനർ ടി പി മുഹമ്മദ് കുട്ടി, ഷാഹുൽ ഹമീദ്, എസ് എം സി ചെയർമാൻ ടി ഹംസ എന്നിവർ നേതൃത്വം നൽകി.