മലപ്പുറം: ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണത്തിനെതിരെ പ്രതിഷേധവുമായി ഡ്രൈവിങ് സ്കൂളുകള്‍. പരിഷ്കരിച്ച ഡ്രൈവിങ് ടെസ്റ്റ് ഇന്ന് മുതലാണ് പ്രാബല്യത്തിൽ വരുന്നത്. ഈ സാഹചര്യത്തിലാണ് പ്രതിഷേധവുമായി ഡ്രൈവിംഗ് സ്കൂളുകൾ രംഗത്ത് വന്നു കഴിഞ്ഞു. മലപ്പുറത്ത് ടെസ്റ്റിംഗ് ഗ്രൗണ്ട് പ്രതിഷേധക്കാർ അടച്ചുകെട്ടി. ടെസ്റ്റിനുള്ള വാഹനങ്ങളും വിട്ട് നൽകില്ലെന്നാണ് നിലപാട്. അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാതെയുള്ള പരിഷ്‌ക്കരണം അപ്രായോഗികമെന്നും ഡ്രൈവിംഗ് സ്‌കൂളുകൾ വ്യക്തമാക്കുന്നു.
പുതിയ സാഹചര്യത്തിൽ ടെസ്റ്റ് നടത്താൻ അനുവദിക്കില്ലെന്നാണ് സി.ഐ.ടി.യു പറയുന്നത്. ഗതാഗത വകുപ്പിന്‍റെ നിര്‍ദേശം സംസ്ഥാനത്തെ ഏഴായിരത്തിലേറെ ഡ്രൈവിംഗ് സ്കൂളുകളെയും ഒരു ലക്ഷത്തോളം വരുന്ന തൊഴിലാളികളെയും പ്രതികൂലമായി ബാധിക്കും. ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരിക്കുന്നതിനോട് ആർക്കും എതിർപ്പില്ല.
മലപ്പുറത്തെ ഗ്രൗണ്ട് ഡ്രൈവിംഗ് സ്കൂളുകള്‍ വാടകക്ക് എടുത്തതാണ്. ടെസ്റ്റ് നടത്താൻ മോട്ടോര്‍ വാഹന വകുപ്പുമായി ഗ്രൗണ്ട് വിട്ടുനൽകി സഹകരിക്കുകയായിരുന്നു. ഇനി ഗ്രൗണ്ട് വിട്ടുനൽകില്ലെന്നാണിവർ പറയുന്നത്. സര്‍ക്കുലര്‍ പിൻവലിക്കും വരെ സമരം തുടരും. സര്‍ക്കുലര്‍ പിൻവലിച്ച് ചര്‍ച്ച നടത്തണമെന്നാണാവശ്യം. നേരത്തെ ട്രാക്കൊരുക്കുന്നതിൽ പോലും സ്കൂളുകളുടെ ഭാഗത്ത് നിന്ന് നിസ്സഹകരണമായിരുന്നു. പ്രതിഷേധങ്ങൾക്കൊടുവിൽ ചില വിട്ടുവീഴ്ചകൾക്ക് മന്ത്രി കെ.ബി. ഗണേഷ് കുമാർ തയ്യാറായെങ്കിലും പ്രതിഷേധക്കാർ പിന്നോട്ട്പോയില്ല.