വേങ്ങര: ഗ്രാമപ്പഞ്ചായത്തും വേങ്ങര സാമൂഹികാരോഗ്യകേന്ദ്രവും ചേർന്ന് വേങ്ങരയിൽ മഴക്കാലപൂർവ ശുചീകരണപ്രവർത്തനങ്ങൾ തുടങ്ങി. ഇതിന്റെ ഭാഗമായി ഇന്റർസെക്ടറൽ മീറ്റിങ് സംഘടിപ്പിച്ചു. യോഗത്തിൽ മേയ് എട്ടുമുതൽ 15 വരെ വാർഡുതല ആരോഗ്യ, ശുചിത്വ പോഷകാഹാരസമിതികൾ യോഗം ചേർന്ന് വാർഡുതല പ്രവർത്തനങ്ങൾ നടത്താൻ തീരുമാനിച്ചു. ശുചീകരണ കാമ്പയിൻ വെള്ളിയാഴ്ച മുതൽ തുടങ്ങും.
മേയ് ഒൻപതിന് തൊഴിലുറപ്പ് മേറ്റുമാർക്കുള്ള പരിശീലനം, 12-ന് കുടുംബശ്രീ അയൽക്കൂട്ടം നേതൃത്വത്തിൽ കൊതുകിന്റെ ഉറവിട നശീകരണപ്രവർത്തനം, 18 മുതൽ 25 വരെ സ്‌കൂൾ ശുചീകരണപ്രവർത്തനങ്ങൾ എന്നിവ നടക്കും.
യോഗം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.പി. ഹസീന ഫസൽ ഉദ്ഘാടനംചെയ്തു. ആരിഫ മടപ്പള്ളി അധ്യക്ഷത വഹിച്ചു. ജനപ്രതിനിധികൾ, ആരോഗ്യപ്രവർത്തകർ, കുടുംബശ്രീ പ്രവർത്തകർ, ഹരിതകർമസേനാംഗങ്ങൾ, ട്രോമാകെയർ പ്രവർത്തകർ, സന്നദ്ധപ്രവർത്തകർ, വിവിധ വകുപ്പ് പ്രതിനിധികൾ, ആശാ പ്രവർത്തകർ എന്നിവർ പങ്കെടുത്തു.