തിരുവനന്തപുരം: മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ മുസ്ലിം ലീഗ് നേതാക്കൾ മുഖ്യമന്ത്രിക്ക് നിവേദനം നൽകി. നിയമസഭ കക്ഷി ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി, എം.എൽ.എമാരായ പി. അബ്ദുൽ ഹമീദ്, കുറുക്കോളി മൊയ്തീൻ എന്നിവരാണ് മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയത്.
പ്ലസ് വൺ സീറ്റ് പ്രതിസന്ധി പരിഹരിക്കണമെന്ന് നേതാക്കൾ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയും കൂടിക്കാഴ്ചയിൽ പങ്കെടുത്തു. വിഷയത്തിൽ വിശദമായ ചർച്ച മുഖ്യമന്ത്രിയുമായി നടത്തിയെന്ന് കുഞ്ഞാലിക്കുട്ടി അറിയിച്ചു.
പ്ലസ് വൺ പ്രവേശനത്തിനുള്ള അപേക്ഷ സമർപ്പണം പൂർത്തീകരിച്ചപ്പോൾ മലപ്പുറം ജില്ലയിൽ 29,834 പേർക്ക് സീറ്റുണ്ടാകില്ലെന്ന് റിപ്പോർട്ട്. നിലവിൽ 82,434 പേരാണ് അപേക്ഷകരായുള്ളത്. മറ്റ് ജില്ലകളിൽ നിന്നുള്ള 7,621 അപേക്ഷകരുടെ എണ്ണം കുറച്ചാലും 22,213 പേർക്ക് തുടർപഠനത്തിന് അവസരം പ്രയാസമാകും. മുൻവർഷങ്ങളെ പോലെ ഇത്തവണയും വിദ്യാർഥികൾ സ്വകാര്യ മേഖലയിലോ, സമാന്തര വിദ്യാഭ്യാസ രംഗത്തേക്കോ ചുവടു മാറ്റേണ്ടി വരും. പ്ലസ് വണിന് ഒരു ബാച്ചിൽ 50 സീറ്റുകളാണ്. ജില്ലയിൽ 85 സർക്കാർ, 88 എയ്ഡഡ് ഹയർസെക്കൻഡറികളിലായി 839 ബാച്ചുകളും അതിൽ ആകെ 41,950 സീറ്റുകളുമുണ്ട്. 85 സർക്കാർ സ്കൂളുകളിൽ 452 ബാച്ചുകളിൽ 22,600 സീറ്റും 88 എയ്ഡഡ് വിദ്യാലയങ്ങളിൽ 387 ബാച്ചുകളിലായി 19,350 സീറ്റുകളുമുണ്ട്.