തിരൂരങ്ങാടി: കൊടിഞ്ഞി ഫൈസൽ വധക്കേസ് ജൂൺ 26-ലേക്ക് മാറ്റി. തിരൂർ ജില്ലാ കോടതി കേസ് ഇന്നലെ പരിഗണിച്ചെങ്കിലും പ്രതികളാരും ഹാജറായില്ല. കേസിൽ ഫൈസലിന്റെ മാതാവ് ജമീല സ്പെഷൽ പബ്ലിക് പ്രോസി ക്യൂട്ടറെ നിയമിക്കണമെന്നാവശ്യപ്പെട്ട് അപേക്ഷ സമർപ്പിച്ചിട്ടുണ്ടെന്നും അതിൽ സർക്കാർ തീരുമാനം ആയിട്ടില്ലെന്നും പബ്ലിക് പ്രോ സിക്യൂട്ടർ അഡ്വ. ജബ്ബാർ കോടതിയെ അറിയിച്ചു. ഇതോടെ 26- നകം അപേക്ഷയിൽ തീരുമാനമുണ്ടാകണമെന്നും അന്ന് കേസ്
ഷെഡ്യൂൾ ചെയ്യുമെന്നും ജഡ്‌ജ് എൻ.ആർ കൃഷ്ണകുമാർ നിർദേശിച്ചു. അസൗകര്യം ചൂണ്ടിക്കാട്ടിയാണ് കേസിലെ 15 പ്രതികളും ഇന്നലെ ഹാജറാകാതിരുന്നത്.
ഇസ്ലാംമതം സ്വീകരിച്ചുവെന്ന കാരണത്താൽ 2016 നവംബർ 19-ന് പുലർച്ചെ 5.03-ന് കൊടിഞ്ഞി ഫാറൂഖ് നഗറിൽ വെച്ചാണ് പുല്ലാണി ഫൈസൽ കൊല്ലപ്പെടുന്നത്. കൊടിഞ്ഞി പാലാപാർക്കിലെ വാടക ക്വാർട്ടേഴ്സിൽ നിന്നും സ്വന്തം ഓട്ടോയിൽ ഭാര്യയുടെ കുടുംബങ്ങളെ റെയിൽവെ സ്റ്റേഷനിൽ നിന്നും കൊണ്ട് വരാൻ താനൂരിലേക്ക് പോകുകയായിരുന്ന ഫൈസലിനെ ബൈക്കിലെത്തിയ നാലംഗ സംഘമാണ് വെട്ടിവീഴ്ത്തിയത്. ഏറെ കോലിളക്കം സൃഷ്ടിച്ച കേസിൽ ആർ.എസ്.എസ് പ്രവർത്തകരായ പതിനാറ് പേരെയാണ് പിടികൂടിയത്. കേസിലെ രണ്ടാം പ്രതിയായ ബിപിൻ പിന്നീട് കൊല്ലപ്പെട്ടതിനാൽ ഇയാളെ പ്രതിസ്ഥാനത്ത് നിന്നും ഒഴിവാക്കിയിട്ടുണ്ട്. 207 സാക്ഷികളും കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്ത മൂന്ന് പേരടക്കം 15 പേരാണ് ഇപ്പോൾ കേസിൽ പ്രതികളായിട്ടുള്ളത്.