മലപ്പുറം: ജില്ലയിൽ ലോക്‌സഭാതിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി കളക്ടർ വി.ആർ. വിനോദ് വാർത്താസമ്മേളനത്തിൽ അറിയിച്ചു.
വെള്ളിയാഴ്ച രാവിലെ ഏഴു മുതൽ വൈകീട്ട് ആറു വരെയാണ് വോട്ടെടുപ്പ്. മലപ്പുറം, പൊന്നാനി മണ്ഡലങ്ങളിലായി എട്ട് സ്ഥാനാർഥികൾ വീതമാണ് മത്സരിക്കുന്നത്. 23 ഓക്‌സിലറി ബൂത്തുകളടക്കം 2798 പോളിങ് ബൂത്തുകളുണ്ടാകും. റിസർവ് ഉൾപ്പെടെ 3324 ഇലക്‌ട്രോണിക് യന്ത്രങ്ങളാണ് വോട്ടെടുപ്പിന് സജ്ജീകരിച്ചത്.
മുഴുവൻ പോളിങ് ബൂത്തുകളിലും വെബ് കാസ്റ്റിങ് സംവിധാനമൊരുക്കും. വോട്ടെടുപ്പ് ദിവസം പോളിങ് ബൂത്തുകളിലെ പ്രശ്‌നങ്ങളും പരാതികളും അറിയിക്കാനും അടിയന്തര പ്രശ്‌നപരിഹാരത്തിനുമായി കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ കൺട്രോൾ റൂം തുറക്കും. തിരഞ്ഞെടുപ്പിന്റെ ഓരോ ഘട്ടവും അതിവേഗത്തിൽ ജില്ലാതല കൺട്രോൾ റൂമിൽ അറിയിക്കും.
വോട്ടെടുപ്പിലെ അപാകം, വോട്ടെടുപ്പുയന്ത്രങ്ങളുടെ തകരാറുകൾ, ക്രമസമാധാന പ്രശ്‌നങ്ങൾ തുടങ്ങിയവ സംബന്ധിച്ച് കൺട്രോൾ റൂമിൽ അറിയിക്കാം. പരാതികൾ ലഭിച്ചാൽ സെക്ടറൽ ഓഫീസർമാർ, ക്യൂക് റെസ്പോൺസ് ടീം തുടങ്ങിയവരെ അറിയിച്ച് പരിഹാരമുണ്ടാക്കും. തിരഞ്ഞെടുപ്പ് ജോലിക്കായി 1400 വാഹനങ്ങളും വിവിധ സ്‌ക്വാഡുകൾക്കായി 203 വാഹനങ്ങളും ഉപയോഗിക്കുന്നുണ്ടെന്നും കളക്ടർ അറിയിച്ചു.
വാർത്താസമ്മേളനത്തിൽ ജില്ലാ പോലീസ് മേധാവി എസ്. ശശിധരൻ, എ.ഡി.എം. കെ. മണികണ്ഠൻ, അസി. കളക്ടർ സുമിത് കുമാർ ഠാക്കൂർ, ഇലക്‌ഷൻ ഡെപ്യൂട്ടി കളക്ടർ എസ്. ബിന്ദു, ജില്ലാ ഇൻഫർമേഷൻ ഓഫീസർ കെ. മുഹമ്മദ് തുടങ്ങിയവർ പങ്കെടുത്തു.
പോളിങ് സാമഗ്രികളുടെ വിതരണം നാളെ
ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള വോട്ടിങ് യന്ത്രങ്ങളുടെയും പോളിങ് സാമഗ്രികളുടെയും വിതരണം വ്യാഴാഴ്ച രാവിലെ എട്ടു മുതൽ നടക്കും. ജില്ലയിലെ ഓരോ അസംബ്ലി നിയോജകമണ്ഡലത്തിലും പ്രത്യേകം സജ്ജമാക്കിയ കേന്ദ്രങ്ങളിലാണ് വിതരണം. സാമഗ്രികൾ കൈപ്പറ്റിയ ഉദ്യോഗസ്ഥരെ ബൂത്തുകളിലെത്തിക്കും. വോട്ടെടുപ്പിനു ശേഷം ഇതേ കേന്ദ്രങ്ങളിൽ സാമഗ്രികൾ തിരിച്ചേൽപ്പിക്കണം
13,430 ഉദ്യോഗസ്ഥർ
ജില്ലയിലെ ബൂത്തുകളിൽ റിസർവ് ഉദ്യോഗസ്ഥരടക്കം 13,430 പേരെയാണ് തിരഞ്ഞെടുപ്പ് ജോലിക്കായി നിയോഗിച്ചിട്ടുള്ളത്. താഴെ തട്ടിൽ 288 സെക്ടർ ഓഫീസർമാരെയും പ്രശ്‌നബാധിത ബൂത്തുകൾ നിരീക്ഷിക്കാനായി 62 മൈക്രോ ഒബ്‌സർവർമാരെയും സജ്ജമാക്കിയിട്ടുണ്ട്. പ്രത്യേക വാഹനങ്ങളിലായി പോളിങ് സാമഗ്രികൾ കൈപ്പറ്റിയ ഉദ്യോഗസ്ഥരെ ബൂത്തുകളിലെത്തിക്കും.
വോട്ടെണ്ണൽ കേന്ദ്രം 3
ജൂൺ നാലിന് നടക്കുന്ന വോട്ടെണ്ണലിന് ജില്ലയിൽ മൂന്ന് കേന്ദ്രങ്ങളുണ്ടാകും. മലപ്പുറം മണ്ഡലത്തിലേത് മലപ്പുറം ഗവ. കോളേജിലും പൊന്നാനി മണ്ഡലത്തിലേത് തിരൂർ എസ്.എസ്.എം. പോളിടെക്‌നിക് കോളേജിലും നടക്കും. വയനാട് മണ്ഡലത്തിലെ വോട്ടുകൾ (നിലമ്പൂർ, വണ്ടൂർ, ഏറനാട് നിയമസഭാ മണ്ഡലങ്ങൾ) ചുങ്കത്തറ മാർത്തോമ കോളേജിലും എണ്ണും.