വേങ്ങര: എസ് എസ് എഫ് വേങ്ങര ഡിവിഷൻ സാഹിത്യോത്സവ് 2024 പ്രഖ്യാപനം വേങ്ങര പ്രസ്സ് ക്ലബ്ബിൽ നടന്നു. 2024 ജൂലൈ 24 മുതൽ 28 വരെ ഊരകം കോട്ടുമലയിൽ വെച്ചാണ് മുപ്പത്തി ഒന്നാമത് എഡിഷൻ സാഹിത്യോത്സവ് നടക്കുക. വേങ്ങരയുടെ സാഹിത്യ സാംസ്‌കാരിക രംഗത്തെ വേറിട്ട ആഘോഷമായിട്ടാണ് ഡിവിഷൻ സാഹിത്യോത്സവ് അരങ്ങേറുക.
1993ൽ എസ് എസ് എഫ് തുടങ്ങിവെച്ച വിദ്യാര്‍ഥികളുടെ കലാസാഹിത്യ മത്സര വേദിയായ സാഹിത്യോത്സവ് കേരളത്തിലെ മികവുറ്റ സാംസ്‌കാരിക കലാമേളയായി വളര്‍ന്നു. എഴുത്ത്, പ്രഭാഷണം, ആലാപനം, വര, അവതരണം എന്നിങ്ങനെ ആവിഷ്‌കാരത്തിന്റെ ബഹുമുഖ തലങ്ങളിലായി ലക്ഷക്കണക്കിന് പ്രതിഭകൾക്ക് സാഹിത്യോത്സവ് അവസരം നല്‍കുന്നു. ചരിത്രത്തിന്റെ ഉള്‍താളുകളില്‍ നിന്നും വര്‍ത്തമാനത്തിന്റെ പൊള്ളുന്ന പരിസരത്തില്‍ നിന്നുമുള്ള ചര്‍ച്ചകളാണ് സാഹിത്യോത്സവുകളെ ക്രിയാത്മകമാക്കുന്നത്.
നൂറ്റി അമ്പതിലധികം മത്സരങ്ങളിലായി ആയിരത്തി അഞ്ഞൂറിലധികം പ്രതിഭകൾ പങ്കെടുക്കുന്ന ഡിവിഷൻ മത്സരത്തിന് മുന്നോടിയായി ഫാമിലി സാഹിത്യോത്സവിൽ 5000 കുടുംബങ്ങളിൽ സാഹിത്യോത്സവ് നടക്കും , ഗ്രാമങ്ങളിലെ വിവിധ ഭാഗങ്ങളെ ബ്ലോക്ക് ആക്കി തിരിച്ച് 250 കേന്ദ്രങ്ങളിൽ ബ്ലോക്ക് സാഹിത്യോത്സവും , ബ്ലോക്ക് തലത്തിൽ നിന്നും വിജയിച്ചവരെ പങ്കെടുപ്പിച്ച് 96 യൂണിറ്റുകളിൽ യൂണിറ്റ് സാഹിത്യോത്സവും, യൂണിറ്റ് വിജയികളുടെ മത്സരമാണ് പത്ത് സെക്ടറുകളിൽ നടക്കുക.
വേങ്ങര ഡിവിഷനിലെ 6 ആർട്സ് ആൻഡ് സയൻസ് ക്യാമ്പസുകളിലെ വിദ്യാർഥികളും പങ്കെടുക്കും. ഡിവിഷൻ സാഹിത്യോത്സവിന് ശേഷം ജില്ല, സംസ്ഥാന, ദേശീയ തലങ്ങളിൽ നടക്കുന്ന സാഹിത്യോത്സവിൽ പങ്കെടുക്കാനുള്ള അവസരം പ്രതിഭകൾക്ക് മുന്നിൽ തുറക്കപ്പെടും.
വേങ്ങരയിലെ നാടും വീടും സാഹിത്യോത്സവ് ലഹരിയിലേക്കാണ് പ്രേവേശിക്കുന്നത്. ഡിവിഷൻ മത്സരത്തോടെ പതിനായിരങ്ങളാണ് ഈ കലാ മാമാങ്കത്തിൽ പങ്കു ചേരുക .
വിവിധ കലാ സാഹിത്യ മത്സരങ്ങൾക്ക് പുറമെ, സെമിനാറുകൾ, പഠനങ്ങൾ, ചർച്ചാ സെഷനുകൾ, പുസ്തക മേള , കൾച്ചറൽ എക്സിബിഷൻ , ഘോഷയാത്ര, ജനകീയ സദസ്സ് തുടങ്ങി വ്യത്യസ്ത ആവിഷ്കാരങ്ങൾക്ക് കോട്ടുമലയിൽ വേദിയൊരുങ്ങും.
എസ് എസ് എഫ് മലപ്പുറം വെസ്റ്റ് ജില്ല സെക്രട്ടറി എ അതീഖ് റഹ്‌മാൻ സാഹിത്യോത്സവ് പ്രഖ്യാപനം നിർവഹിച്ചു. വേങ്ങര പ്രസ്സ് ക്ലബ് പ്രസിഡന്റ് രാമകൃഷ്ണൻ ആശംസ അറിയിച്ചു. എസ് എസ് എഫ് വേങ്ങര ഡിവിഷൻ പ്രസിഡന്റ് അനസ് നുസ്‌രി അധ്യക്ഷത വഹിച്ച ചടങ്ങിൽ ഉവൈസ് അദനി, സൽമാനുൽ ഫാരിസ്, സഈദ് സഅദി, മുഹമ്മദ് സൽമാൻ, നിസാമുദ്ധീൻ ഹിശാമി എന്നിവർ പങ്കെടുത്തു.