പുണ്യങ്ങളിൽ മുഴുകി റംസാനിലെ അവസാന വെള്ളി

മലപ്പുറം: ത്യാഗനിർഭരമായ റംസാനിലെ പുണ്യദിനരാത്രങ്ങൾ പിന്നിട്ടെത്തിയ അവസാന വെള്ളിയാഴ്ചയെ വിശ്വാസികൾ നെഞ്ചോടുചേർത്തു. ജുമുഅ-ഖുത്തുബയ്കും നമസ്കാരത്തിനുമായി പള്ളികളിൽ ആളുകൾ നിറഞ്ഞു. നഗരങ്ങളിലെ ചില പള്ളികളിൽ നമസ്കരിക്കാനുള്ള നിര അവസാന വരിയും കടന്ന്് പുറത്തേക്ക് നീണ്ടു. ദാനധർമങ്ങൾ അധികരിപ്പിക്കാനുള്ള റംസാനിലെ അവസാനനാളുകളെക്കുറിച്ച് ഇമാമുമാർ വിശ്വാസികളെ ഓർമപ്പെടുത്തി.

സത്കർമങ്ങൾക്ക് ആയിരം മാസങ്ങളേക്കാൾ പുണ്യം കിട്ടുന്ന ലൈലത്തുൽ ഖദ്‌റിന്റെ രാവും ഫിത്‍ർ സക്കാത്തിന്റെ പോരിശകളും തുടങ്ങി ചെറിയപെരുന്നാളിന്റെ ചിട്ടവട്ടങ്ങൾ വരെ അവരുടെ സംസാരത്തിൽ കടന്നുവന്നു. ആത്മസംസ്‌കരണത്തിന്റെ മാസമായ റംസാനിൽനിന്ന് നേടിയ പാപമോചനത്തിന്റെ മഹനീയത ജീവിതത്തിലുടനീളം മുറുകെപ്പിടിക്കാനുള്ള ഉദ്‌ബോധനവുമുണ്ടായി. 24 രാത്രികളിലെ തറാവീഹ്, വിത്‍ർ നമസ്‌കാരങ്ങളുടെ ശ്രേഷ്ഠതയിലെത്തിയ ഓരോ വിശ്വാസിയും കൂടുതൽ സമയം പള്ളികളിൽ ഒത്തുകൂടി.

മലപ്പുറം മഅദിൻ ഗ്രാൻഡ് മസ്ജിദ് ഉൾപ്പെടെയുള്ള ജില്ലയിലെ പ്രധാന പള്ളികളിൽ ശനിയാഴ്ച നടക്കുന്ന 27-ാം രാവിനോടനുബന്ധിച്ച് പ്രാർഥനകൾക്കുള്ള ഒരുക്കവും നടന്നു.
Previous Post Next Post

Vengara News

View all