മലപ്പുറം: മുസ്‌ലിംലീഗും സമസ്തയിലെ ഒരു ചെറുവിഭാഗവും തമ്മിലുള്ള പോരിലെ ക്വാർട്ടർഫൈനൽ മാത്രമാകും ഈ തിരഞ്ഞെടുപ്പ്. 2025-ൽ നടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിലും 2026 -ലെ നിയമസഭാ തിരഞ്ഞെടുപ്പിലുമാകും ഈ പടലപ്പിണക്കങ്ങൾ കൂടുതൽ പ്രതിഫലിക്കുക. ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം അനുസരിച്ചാകും ഇരുകൂട്ടരുടെയും തുടർനീക്കങ്ങൾ. വലിയ തിരിച്ചടിയുണ്ടായാൽ ലീഗ് സമീപനം മാറ്റിയേക്കും. പ്രശ്‌നം കൂടുതൽ വഷളായാൽ തദ്ദേശ തിരഞ്ഞെടുപ്പിൽ ലീഗ് വലിയ വില നൽകേണ്ടിവരും. ചെറിയ ഭൂരിപക്ഷം മാത്രമുള്ള ചില നഗരസഭകളും പഞ്ചായത്തുകളും നഷ്ടപ്പെട്ടെന്നു വരാം
നിയമസഭയിൽ ആറിടത്ത് ലീഗ് ഭൂരിപക്ഷം 10,000 -ത്തിൽ താഴെ
തർക്കം തീർക്കാനായില്ലെങ്കിൽ നിയമസഭാ തിരഞ്ഞെടുപ്പിലും തിരിച്ചടിയുണ്ടായേക്കാം. കഴിഞ്ഞതവണ 27 മണ്ഡലങ്ങളിൽ മത്സരിച്ച ലീഗ് 15 സീറ്റുകളിലാണ് ജയിച്ചത്. ഇതിൽ ആറിടത്ത് പതിനായിരത്തിൽ താഴെയാണ് ഭൂരിപക്ഷം. പെരിന്തൽമണ്ണ (ഭൂരിപക്ഷം 38), മഞ്ചേശ്വരം (745), മണ്ണാർക്കാട് (5,870), കൊടുവള്ളി (6,344), തിരൂർ (7,214), തിരൂരങ്ങാടി (9,578) മണ്ഡലങ്ങളാണവ. കുറ്റ്യാടി (333), താനൂർ (985) സീറ്റുകൾ ആയിരത്തിൽത്താഴെ വോട്ടിനാണ് ലീഗിന് നഷ്ടപ്പെട്ടത്.
ശക്തിതെളിയിക്കാൻ ശ്രമം
അതിനിടെ, വോട്ടെടുപ്പിന് മൂന്നുനാൾ മാത്രം ബാക്കി നിൽക്കേ മുസ്‌ലിംലീഗിനെതിരായ നീക്കങ്ങൾ ശക്തിപ്പെടുത്താനുള്ള ശ്രമങ്ങളിലാണ് സമസ്തയിലെ ഒരുവിഭാഗം.
പൊന്നാനി, മലപ്പുറം മണ്ഡലങ്ങളിൽ ലീഗിന് തിരിച്ചടി നൽകണമെന്ന് ആഹ്വാനംചെയ്ത് സമസ്ത പ്രവർത്തകർക്ക് ഫോൺവിളികൾ എത്തുന്നുണ്ട്. സമൂഹമാധ്യമങ്ങളിലൂടെ സന്ദേശങ്ങളും ചോദ്യാവലിയും അയച്ചും വോട്ടുമറിക്കാനും ശ്രമങ്ങളുണ്ട്. എന്നാൽ, സംഘടനയ്ക്ക് ഇങ്ങനെയൊരു രീതിയില്ലെന്ന് സമസ്ത ഉന്നത നേതൃത്വം വ്യ
വ്യക്തമാക്കിയിട്ടുമുണ്ട്.
'സമസ്തയിലെ സഖാക്കൾ' വളറെ ചെറിയൊരു വിഭാഗം മാത്രമാണെന്നും അവർക്കു വഴങ്ങേണ്ടതില്ലെന്നുമാണ് ലീഗ് കരുതുന്നത്. എന്നാൽ, അവരെ പ്രകോപിപ്പിക്കാനോ പരസ്യമായി മറുപടി പറയാനോ ഉദ്ദേശിക്കുന്നുമില്ല.
ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഇക്കൂട്ടരുടെ ഭീഷണി കാര്യമായി ഏശില്ലെന്നാണ് ലീഗ് കണക്കുകൂട്ടുന്നത്. അതേസമയം, കഴിയുംവിധം ശക്തി തെളിയിക്കാനാണ് ഈ വിഭാഗക്കാരുടെ ശ്രമം; പ്രത്യേകിച്ച് പൊന്നാനിയിൽ.