വേങ്ങര: അറുപിന്തിരിപ്പൻ വർഗീയവിഭാഗമായ എസ്‌ഡിപിഐയുമായി ചേരാൻ കോൺഗ്രസിനും മുസ്ലിംലീഗിനും ഒരു മടിയുമില്ലെന്ന് ഈ തെരഞ്ഞെടുപ്പ് വീണ്ടും തെളിയിക്കുകയാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. കോൺഗ്രസിന്റെയും ബിജെപിയുടെയും ലീഗിന്റെയും എസ്‌ഡിപിഐയുടെയും കൊടികൾ ചേർത്തുപിടിച്ച് പ്രചാരണം നടത്താൻ അവർക്ക് പ്രയാസമില്ല. മലപ്പുറം ലോക്‌സഭാ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി വി വസീഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണാർഥം നടന്ന വള്ളിക്കുന്ന്, വേങ്ങര, മങ്കട മണ്ഡലം എൽഡിഎഫ് തെരഞ്ഞെടുപ്പ് റാലികളിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോൺഗ്രസിന്റെ അഖിലേന്ത്യാ നേതൃത്വത്തിന്റെ ഭാഗമായി നിൽക്കുന്ന രണ്ടുപേർ ഇന്ത്യാ കൂട്ടായ്‌മയിൽ നിൽക്കുന്ന ഇടതുപക്ഷത്തിനെതിരായി കേരളത്തിൽ മത്സരിക്കുകയാണ്. ഹിന്ദി മേഖലയിൽ ജയിക്കും എന്നുറപ്പുള്ള ഏതെങ്കിലും മണ്ഡലമുണ്ടെങ്കിൽ അവിടെയല്ലേ രാഹുൽ ഗാന്ധി മത്സരിക്കേണ്ടത്. ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ ദുർബലപ്പെടുത്താനാണോ നോക്കേണ്ടത്. അങ്ങനെ ദുർബലപ്പെടില്ലെന്ന് കണ്ടപ്പോൾ അവസാനത്തെ പണിയെടുക്കുകയാണ് അവർ. കോൺഗ്രസിന്റെയും ബിജെപിയുടെയും പൊതുശത്രു ഇടതുപക്ഷമാണ്. അതിനാൽ യുഡിഎഫ്–-ബിജെപി അന്തർധാരയുണ്ടാക്കിയിരിക്കുകയാണ്. ഇതിനൊപ്പം എസ്‌ഡിപിഐയും ചേരുകയാണ്. മൂന്നുവട്ടമാണ് കോൺഗ്രസ്, എസ്‌ഡിപിഐ നേതാക്കൾ ചർച്ച നടത്തിയത്. ഈ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് വോട്ടുചെയ്‌താൽ അടുത്തുവരുന്ന തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പുകളിൽ തിരിച്ചുസഹായിക്കാമെന്നാണ് കരാർ. വയനാട് മണ്ഡലത്തിൽ പത്രിക നൽകാൻ രാഹുൽ ഗാന്ധി എത്തിയപ്പോൾ നടത്തിയ പ്രകടനത്തിൽ ലീഗിന്റെ കൊടി പിടിക്കാൻ സമ്മതിച്ചില്ല. അങ്ങനെയെങ്കിൽ കോൺഗ്രസിന്റെ കൊടി വേണ്ടെന്ന് ലീഗും പറഞ്ഞു. ഒടുവിൽ സ്വന്തം കൊടി പിടിക്കാനാകാതെ ബലൂണും പിടിച്ച് പ്രചാരണം നടത്തേണ്ട അവസ്ഥയാണ് രാഹുൽ ഗാന്ധിക്കെന്നും അദ്ദേഹം പറഞ്ഞു.