മക്ക: റമദാനിലെ അവസാന വെള്ളിയാഴ്ചയും റമദാനിലെ 27ാം രാവും ഒരുമിച്ചുവന്നതോടെ മക്കയിലെ മസ്ജിദുൽ ഹറമിൽ പ്രാർഥനാ നിരതരാകാൻ എത്തിയത് 25 ലക്ഷത്തിലധികം വിശ്വാസികൾ. ഉംറ തീർഥാടകരും അതല്ലാതെ നമസ്കരിക്കാനെത്തിയവരും രാത്രി നമസ്കാരങ്ങൾക്കും പ്രാർഥനക്കും അണിനിരന്നപ്പോൾ ഹറമും പരിസരവും ജനസാഗരമായി. ഇരുഹറം കാര്യാലയത്തിെൻറ നേതൃത്വത്തിൽ അതിരാവിലെ മുതൽ തന്നെ ആരാധകരുടെ ഒഴുക്കിനെ ഉൾക്കൊള്ളാനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കിയിരുന്നു.
ഹറം പള്ളിയിലെ പ്രാർഥനായിടങ്ങൾ, പരിസര പ്രദേശങ്ങൾ, ഗേറ്റുകൾ, ഇടനാഴികൾ എല്ലാം സൂക്ഷ്മമായ നിരീക്ഷണങ്ങൾക്കും കുറ്റമറ്റ രീതിയിൽ ഒരുക്കിയിരുന്നു.
ഖുർആൻ പാരായണത്താലും മനസുരുകിയ പ്രാർഥനകളാലും മക്കയെങ്ങും ആത്മീയ നിറവിലായിരുന്നു. ശാന്തമായ അനുഭവം സമ്മാനിച്ച വിശ്വാസി സമൂഹം നേരം പുലരുവോളം ഹറമിലും പരിസരങ്ങളിലും പ്രാർഥനയിൽ മുഴുകുകയായിരുന്നു. പ്രാർഥനക്കെത്തിയ വിശ്വാസികളുടെ നിര ഹറം മുറ്റങ്ങളും കവിഞ്ഞ് റോഡുകളിലെത്തി. മസ്ജിദുൽ ഹറമിലേക്കുള്ള വഴികളും തറാവീഹ് നമസ്കാരത്തിനിടെ പ്രൗഢഗംഭീരമായ കാഴ്ചയിൽ വിശ്വാസികളെക്കൊണ്ട് നിറഞ്ഞിരുന്നു. മക്കയിലെ പാർക്കിങ് കേന്ദ്രങ്ങൾ വാഹനങ്ങളാൽ നിറഞ്ഞുകവിഞ്ഞു. വിശ്വാസികളുടെ തിരക്ക് കണക്കിലെടുത്ത് പാർക്കിങ് കേന്ദ്രങ്ങളിൽ നിന്ന് കൂടുതൽ ബസ് സർവിസ് ഏർപ്പെടുത്തിയിരുന്നു.