പറപ്പൂർ: ഐ.യു. ഹയർസെക്കൻഡറി സ്‌കൂളിലെ കാർഷിക ക്ലബ്ബ് ആട്ടീരി പാടത്ത് സൂര്യകാന്തി, പച്ചക്കറി കൃഷികൾക്ക് വിത്തിട്ടു. പൂർവ വിദ്യാർഥി കോഴിക്കോട് ആർ.ഡി.ഒ. അൻവർ സാദത്ത് ഉദ്ഘാടനംചെയ്തു.
വിദ്യാർഥികൾക്ക് കൃഷി മുതൽ നിർമിതബുദ്ധി വരെയുള്ള സകല മേഖലകളെയും പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ ഭാഗമായാണ് സൂര്യകാന്തി കൃഷി. നാലര ഏക്കറിൽ 'ഞാറും ചോറും' എന്ന പേരിൽ ജൈവ രീതിയിൽ നെൽകൃഷിയും ഇറക്കിയിരുന്നു.
ഒരേക്കറിലാണ് സൂര്യകാന്തി കൃഷിയിറക്കുന്നത്. സൂര്യകാന്തിക്കു പുറമെ തണ്ണിമത്തൻ, വെണ്ട, ചീര, തക്കാളി, വെള്ളരി, പയറ് തുടങ്ങിയവയും കൃഷി ചെയ്യുന്നുണ്ട്. കുഞ്ഞാവ പുത്തൂർ, ഇച്ചാപ്പ (അഷ്‌റഫ്), വീരഭദ്രൻ തുടങ്ങിയ കർഷകരുടെ സഹായത്തോടെയാണ് കൃഷി നടപ്പാക്കുന്നത്.
മാനേജർ ടി. മൊയ്തീൻകുട്ടി അധ്യക്ഷതവഹിച്ചു. റഷീദ് മലപ്പുറം, പ്രിൻസിപ്പൽ ടി. അബ്ദുൽ റഷീദ്, പ്രഥമാധ്യാപകൻ എ. മമ്മു, സി.ടി. സലീം, ഹംസ തോപ്പിൽ, എം.പി. മുഹമ്മദ് അഷ്‌റഫ്, ടി. മുഹമ്മദ് കുട്ടി എന്നിവർ പ്രസംഗിച്ചു.