തിരൂരങ്ങാടി: സൂപ്പർ ഡീലക്‌സ് വരെയുള്ള എല്ലാ സർവീസുകൾക്കും ലോ ഫ്ലോർ എ സി ബൈപാസ് റൈഡർ സർവീസുകൾക്കും കക്കാട്ട് സ്റ്റോപ്പ് അനുവദിക്കാൻ കെ എസ് ആർ ടി സി തീരുമാനിച്ചു. സി പി എം തിരൂരങ്ങാടി ലോക്കൽ കമ്മിറ്റി സെക്രട്ടറി എം പി ഇസ്‌മാഈൽ മുഖ്യമന്ത്രിക്കും ഗതാഗത മന്ത്രിക്കും നിവേദനം നൽകിയിരുന്നു.
ഇതുസംബന്ധിച്ച ഉത്തരവ് ഇന്നലെ എക്സിക്യൂട്ടീവ് ഡയറക്ടർ (ഓപറേഷൻസ്) ഇറക്കി.
ഏറെക്കാലത്തെ ജനങ്ങളുടെ ആവശ്യമാണ് സർക്കാർ നിറവേറ്റിയിരിക്കുന്നത്.
നാടുകാണി- പരപ്പനങ്ങാടി പാതയും ,ദേശീയപാത 66 ഉം സംഗമിക്കുന്ന തിരക്കേറിയ ജംഗ്ഷനാണ് കക്കാട്. ദേശീയപാത 66ൽ നിന്നും പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷനിലേക്കുള്ള പ്രധാനവഴിയും കക്കാടാണ്. കൂടാതെ തിരൂരങ്ങാടി താലൂക്ക് ആസ്ഥാനത്തേക്കും, തിരക്കേറിയ മുസ്‌ലിം തീർഥാടന കേന്ദ്രമായ മമ്പുറം മഖാമിലേക്കുമുള്ള യാത്രക്കാരും ആശ്രയിയക്കുന്നതും കക്കാട് ജംഗ്ഷനെയാണ്. അതിനാൽ സർക്കാർ തീരുമാനം ജനങ്ങൾക്ക് ഏറെ ഗുണം ചെയ്യും.