വേങ്ങര: എസ്.എസ്.എൽ.സി. പരീക്ഷ മാർച്ച് നാലിന് ആരംഭിക്കും. ജില്ലയിൽ 41,259 ആൺകുട്ടികളും 38,660 പെൺകുട്ടികളും ഉൾപ്പെടെ ജില്ലയിലെ നാല് വിദ്യാഭ്യാസ ജില്ലകളിൽനിന്നായി ആകെ 79,925 വിദ്യാർഥികളാണ് പത്താം ക്ലാസ് പരീക്ഷ എഴുതുന്നത്.
പ്രത്യേക പരിഗണന അർഹിക്കുന്ന 5,563 വിദ്യാർഥികളും ഇത്തവണ പരീക്ഷ എഴുതുന്നുണ്ട്.
28,180 കുട്ടികൾ പരീക്ഷ എഴുതുന്ന മലപ്പുറമാണ് വിദ്യാഭ്യാസ ജില്ലകളിൽ ഒന്നാമത്. തിരൂരങ്ങാടി (19,410), തിരൂർ (16,387), വണ്ടൂർ (15,948) വിദ്യാഭ്യാസ ജില്ലകൾ യഥാക്രമം 2,3,4 സ്ഥാനങ്ങളിലുണ്ട്.
തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ എടരിക്കോട് പി.കെ.എം.എം ഹയർസെക്കൻഡറി സ്കൂളാണ് ഏറ്റവും കൂടുതൽ വിദ്യാർഥികൾ പരീക്ഷ എഴുതുന്ന വിദ്യാലയം. 2,085 വിദ്യാർഥികളാണ് ഇവിടെ പരീക്ഷയെഴുതുന്നത്.
ഏറ്റവും കുറവുകുട്ടികൾ പരീക്ഷയെഴുതുന്നത് വാഴക്കാട് സി.എച്ച്.കെ.എം.എസ്.എസ്.ഇവിടെ എട്ടു കുട്ടികൾ മാത്രമാണ് പരീക്ഷയെഴുതുന്നത്.
നാലിന് തുടങ്ങി 25-ന് അവസാനിക്കുന്ന പരീക്ഷ കുറ്റമറ്റ രീതിയിൽ നടത്താനുള്ള എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയതായ് ഡി.ഡി.ഇ കെ.പി. രമേശ് കുമാർ അറിയിച്ചു.