രാജ്യം മതനിരപേക്ഷമായി തുടരാൻ ഇ. അഹമ്മദിന്റെ ഓർമ്മ നിലനിർത്തണം -പന്ന്യൻ രവീന്ദ്രൻ


മലപ്പുറം: മതേതരത്വവും ജനാധിപത്യവും വെല്ലുവിളികൾ നേരിടുന്ന ഇക്കാലത്ത് ഇ. അഹമ്മദിന്റെ ഓർമ്മകൾ നിലനിർത്തുന്നത് രാജ്യം മതനിരപേക്ഷമായി തുടരാൻ അനിവാര്യമാണെന്ന് മുതിർന്ന സി.പി.ഐ. നേതാവ് പന്ന്യൻ രവീന്ദ്രൻ. മുസ്‌ലിംലീഗ് നടത്തിയ ഇ. അഹമ്മദ് അനുസ്മരണത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ചോദിക്കേണ്ടത് ചോദിക്കാനും പറയേണ്ടത് കേൾക്കുന്നവനെ ബോധ്യപ്പെടുത്താനും ഇ. അഹമ്മദിന് പ്രത്യേക കഴിവായിരുന്നു. ലോകരാജ്യങ്ങളോട് ഇന്ത്യയുടെ പക്ഷം പറയാൻ കെൽപ്പുണ്ടായിരുന്നു അദ്ദേഹത്തിന്. പലസ്തീൻ ആക്രമിക്കപ്പെടുമ്പോൾ ഐക്യരാഷ്ട്രസഭയിൽ ഇടപെടാനും പ്രശ്‌നങ്ങൾ പരിഹരിക്കാനും ഇ. അഹമ്മദ് ഉണ്ടായിരുന്നുവെങ്കിൽ എന്ന് ആഗ്രഹിക്കുന്നതായും പന്ന്യൻ രവീന്ദ്രൻ പറഞ്ഞു.

ഇ. അഹമ്മദിന്റെ പ്രവർത്തനങ്ങൾ കേന്ദ്ര സഹമന്ത്രി സ്ഥാനത്തിന് ഔന്നത്യമുണ്ടാക്കിയെന്ന് പരിപാടി ഉദ്ഘാടനംചെയ്ത മുസ്‌ലിംലീഗ് ദേശീയ ജനറൽസെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.എൽ.എ. പറഞ്ഞു. കേരളത്തിനും മതേതര ചേരിക്കും അഭിമാനകരമായ പ്രവർത്തനങ്ങളാണ് അദ്ദേഹം നടത്തിയത്. അദ്ദേഹത്തിന്റെ ജീവചരിത്രം അവശ, പിന്നാക്ക ജനവിഭാഗങ്ങളുടെ മുന്നേറ്റത്തിന്റെകൂടി ചരിത്രമാണെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു.

കേരളത്തിൽനിന്നുള്ള വിശ്വപൗരനും രാജ്യത്തിന്റെ തന്നെ അംബാസിഡറുമായിരുന്നു ഇ. അഹമ്മദെന്ന് ഡി.സി.സി. പ്രസിഡന്റ് വി.എസ്. ജോയ് പറഞ്ഞു. മുസ്‌ലിംലീഗ് മണ്ഡലം പ്രസിഡന്റ് പാണക്കാട് റഷീദലി ശിഹാബ് തങ്ങൾ അധ്യക്ഷനായി. ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.പി. സൈതലവി, നേതാക്കളായ നൗഷാദ് മണ്ണിശ്ശേരി, അരിമ്പ്ര അബൂബക്കർ, മുജീബ് കാടേരി, ബാവ വിസപ്പടി, കുഞ്ഞുമുഹമ്മദ് മോങ്ങം, എ.എം. അബൂബക്കർ, ഹാരിസ് ആമിയൻ, പി.എ. സലാം കെ.വി. മുഹമ്മദലി തുടങ്ങിയവർ പ്രസംഗിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}