മലപ്പുറം: വിദേശത്തു കഷ്ടപ്പെട്ട് സമ്പാദിച്ച പണം പാഴാക്കിക്കളയാനുള്ളതല്ലെന്നും മാർക്കറ്റ് മനസ്സിലാക്കി നല്ല പ്രോജക്ടുകളിൽ നിക്ഷേപം നടത്തണമെന്നും പി.കെ. കുഞ്ഞാലിക്കുട്ടി എം.എൽ.എ. ജില്ലാപഞ്ചായത്ത് മൂലധന നിക്ഷേപത്തിന് താത്പര്യമുള്ള പ്രവാസികൾക്കായി നടത്തിയ സ്വന്തംനാട്ടിൽ ഒരു സംരംഭം' സംഗമം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
ലോകത്തിന്റെ വിവിധയിടങ്ങളിൽ നടക്കുന്ന വ്യാവസായിക വിപ്ലവം ജില്ലയിൽ നടപ്പാക്കാൻ കഴിയുമെന്ന് പ്രവാസികൾ സംഗമത്തിൽ അഭിപ്രായപ്പെട്ടു.
സംരംഭങ്ങൾ ആരംഭിക്കുമ്പോഴുള്ള പ്രധാന പ്രതിസന്ധി അനുമതി ലഭിക്കുന്നതുമായി ബന്ധപ്പെട്ടുള്ള നിയമപ്രശ്‌നങ്ങളാണ്. സംരംഭങ്ങൾ ആരംഭിക്കുന്നതിലൂടെ രാജ്യത്തെ തൊഴിലില്ലായ്മ നിരക്കും കുറയും. ലോകരാജ്യങ്ങളോട് കിടപിടിക്കുന്ന മുന്നേറ്റമുണ്ടാക്കാനും സൗകര്യങ്ങളും സമൃദ്ധിയും രാജ്യത്തുണ്ടാക്കാനും കഴിയുമെന്ന് പ്രവാസികൾ പറഞ്ഞു.
ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇസ്മായിൽ മൂത്തേടം അധ്യക്ഷതവഹിച്ചു.
ഡെപ്യൂട്ടി കളക്ടർ അൻവർ സാദത്ത്, സ്ഥിരം സമിതിയധ്യക്ഷരായ എൻ.എ. കരീം, നസീബ അസീസ്, സെറീന ഹസീബ്, സെക്രട്ടറി എസ്. ബിജു തുടങ്ങിയവർ പ്രസംഗിച്ചു.