വേങ്ങര: കച്ചേരിപ്പടി കക്കാടംപുറം റോഡിൽ കുഴിച്ചിനയ്ക്കും കുറ്റൂർ നോർത്തിനും ഇടയിലുള്ള എടത്തോള ഇറക്കത്തിൽ റോഡിനിരുപുറവും സുരക്ഷാവേലികൾ സ്ഥാപിക്കണമെന്ന് ആവശ്യം ശക്തമാവുന്നു. ഈ ഭാഗത്ത് റോഡിന് തുടരെയുള്ള വളവുകളും ചെങ്കുത്തായ ഇറക്കവുമാണ്. ഇറങ്ങിവരുന്നഭാഗം റോഡിന്റെ പടിഞ്ഞാറ് പതിനഞ്ചടിയിലധികം താഴ്ചയുള്ള പ്രദേശമാണ്.
കഴിഞ്ഞദിവസം റോഡിൽ നിയന്ത്രണംവിട്ട വാഹനം 15 അടി താഴ്ചയിലേക്ക് വീണിരുന്നു. വാഹനംതാഴത്തെ പറമ്പിലെ തെങ്ങിനും റോഡിന്റെ അരികുഭിത്തിക്കും ഇടയിലൂടെ താഴേക്ക് വീണതിനാലും വാഹനം ഇതിന് ഇടയിൽ കുരുങ്ങിക്കിടന്നതിനാലും യാത്രക്കാർ കാര്യമായ പരിക്കൊന്നും ഏൽക്കാതെ രക്ഷപ്പെട്ടു.