വേങ്ങര: ജി.വി.എച്ച്.എസ്.എസ് വേങ്ങരയിലെ വി.എച്ച്. എസ്. ഇ വിഭാഗം നാഷണൽ സർവ്വീസ് സ്കീമിന്റെ ജി.എൽ.പി.എസ്. ഊരകം കീഴ്മുറിയിൽ വെച്ച് നടന്ന സപ്തദിന സഹവാസ ക്യാമ്പ് 'ഇതൾ' സമാപിച്ചു.
മാലിന്യ മുക്ത നാളെക്കായി യുവ കേരളം എന്ന പ്രമേയം ഉയർത്തിപ്പിടിച്ച ക്യാമ്പ് ഡിസംബർ 26 ന് ഊരകം പഞ്ചായത്ത് പ്രസിഡന്റ് കെ. കെ. മൻസൂർ കോയ തങ്ങൾ ഉദ്ഘാടനം നിർവ്വഹിച്ചു. ശുചിത്വ മിഷന്റേയും പഞ്ചായത്തിന്റെയും സഹകരണത്തോടെ സ്നേഹാരാമം പദ്ധതിയുടെ ഭാഗമായി മിനി ഊട്ടി പ്രദേശം മാലിന്യമുക്തമാക്കുകയും സൗന്ദര്യവത്കരിക്കുകയും ചെയ്തു. ആരോഗ്യ വകുപ്പിന്റെ സഹകരണത്തോടെ വീടുകളിൽ ഋതുഭേദ ജീവനം എന്ന പേരിൽ കാലാവസ്ഥ വ്യതിയാനം മൂലം ഉണ്ടാകുന്ന അസുഖങ്ങളെ കുറിച്ച് ബോധവത്കരിക്കുന്ന കലണ്ടർ വിതരണം ചെയ്തു.
ഊരകം പ്രാഥമിക ആരോഗ്യ കേന്ദ്രം ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ വി.കെ. ജിനേഷ് ലാൽ ബോധവത്കരണ ക്ലാസ് നയിച്ചു. വനിതാ ശിശുവികസന വകുപ്പിന്റെ സഹകരണത്തോടെ സമം ശ്രേഷ്ടം പദ്ധതിയുടെ ഭാഗമായി സ്ത്രീധന വിരുദ്ധ സർവേ സംഘടിപ്പിച്ചു. ജില്ലാ ശിശു സംരക്ഷണ ഓഫീസർ ഫസൽ പുള്ളാട്ട് ജെൻഡർ പാർലമെന്റിന് നേതൃത്വം നൽകി.
രഹിത ലഹരി പദ്ധതിയുടെ ഭാഗമായി ഊരകം കീഴ്മുറി ജി.എൽ.പി സ്കൂളിൽ ലഹരിക്കെതിരെ മെസേജ് മിറർ സ്ഥാപിക്കുകയും സ്കൂൾ പരിസരത്തെ കടകളിൽ ലഹരിവിരുദ്ധ സന്ദേശം കൈമാറുകയും ചെയ്തു. ലഹരിവിരുദ്ധ ബോധവത്കരണ തെരുവുനാടകം നടത്തി. രക്ഷിതം പദ്ധതിയുടെ ഭാഗമായി മലപ്പുറം ട്രോമ കെയറിന്റെ നേതൃത്വത്തിൽ അത്യാഹിത പരിരക്ഷാ പരിശീലന പരിപാടി സംഘടിപ്പിച്ചു. വയോജന പരിപാലനം മുൻ നിർത്തി പാലിയേറ്റീവ് പരിചരണ ക്ലാസ് വന്ദ്യം വയോജനം സംഘടിപ്പിച്ചു. ഭിന്ന ശേഷി ശ്രമദാന പ്രൊജക്ട് സഹചാരി സംഘടിപ്പിച്ചു.
ക്യാമ്പിൽ വളണ്ടിയർമാർ പേപ്പർ ബാഗ് നിർമ്മാണവും കേക്ക് നിർമ്മാണ പരിശീലനവും നടത്തി. എക്‌സൈസ് വകുപ്പിന്റെ സഹകരണത്തോടെ ലഹരിക്കെതിരെ പൊതുസദസ് - വർജ്ജ്യസഭ എന്ന പേരിൽ സംഘടിപ്പിച്ചു. വിമുക്തി മിഷൻ ലെയ്സൺ ഓഫീസർ ബിജു പി ക്ലാസെടുത്തു. പുതുവത്സര ദിനത്തിൽ സമാപിച്ച ക്യാമ്പിന് എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ മുഹമ്മദ് ശരീഫ് എ നേതൃത്വം നൽകി.