വേങ്ങര: പൊതു വിദ്യാഭ്യാസ വകുപ്പ് വി എച്ച് എസ് ഇ വിഭാഗം നാഷണൽ സർവീസ് സ്കീം എനർജി മാനേജ്മെന്റ് സെന്റർ കേരളയുമായി സഹകരിച്ച് നടത്തുന്ന ഊർജ സംരക്ഷണ യജ്‌ഞം 'മിതം 2.0' തുടക്കമായി. ജി വി എച്ച് എസ് എസ് വേങ്ങര എൻ എസ് എസ് യൂണിറ്റ് ഊർജ സംരക്ഷണത്തിന്റെ പ്രാധാന്യം പൊതു ജനങ്ങളിലേക്ക് എത്തിക്കുക എന്ന ഉദ്ദേശത്തോടെ വേങ്ങര ടൗണിലേക്ക് റാലി സംഘടിപ്പിച്ചു. പ്രിൻസിപ്പാൾ യു കെ ഫൈസൽ ഫ്ലാഗ് ഓഫ് ചെയ്തു. ഊർജ സംരക്ഷണത്തിന്റെ പ്രാധാന്യത്തെ കുറിച്ച് കെ എസ് ഇ ബി ഓഫീസർ മുഹമ്മദ് സലീം ബോധവൽക്കരണം നൽകി.
വോളന്റീർസ് ഊർജ സംരക്ഷണ വലയം തീർത്ത് പ്രതിജ്ഞ എടുത്തു. എൻ എസ് എസ് വളണ്ടിയർ ഫാത്തിമ സഫാന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എൻ എസ് എസ് പ്രോഗ്രാം ഓഫീസർ മുഹമ്മദ് ശരീഫ്, അധ്യാപകരായ സുമേഷ്, ജൈനിഷ് , വിദ്യ, അരുണ, ജിനീഷ, ഗീത, സാന്ദ്ര തുടങ്ങിയവർ പങ്കെടുത്തു. വളണ്ടിയർ ലീഡർ മുഹമ്മദ് ഫഹീം നന്ദി പറഞ്ഞു.