മലപ്പുറം: കാലിക്കറ്റ് സർവകലാശാലയിലെ കോളേജുകളിലെ ഭരണസമിതിയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ഇരുമുന്നണികളും അവകാശവാദങ്ങളുമായി രംഗത്ത്. പല കോളേജുകളിലും ഇത്തവണ അട്ടിമറി നടന്നു.
യു.ഡി.എസ്.എഫ്. മുന്നണി നൂറോളം കോളേജുകളിൽ വിജയം നേടിയതായി നേതാക്കൾ അവകാശപ്പെട്ടു. സർക്കാർ കോളേജുകളിൽ എം.എസ്.എഫ്. വൻ മുന്നേറ്റം നടത്തിയതായും നേതാക്കൾ പറഞ്ഞു. 194 കോളേജുകളിൽ 120-ലും ജയിച്ചതായാണ് എസ്.എഫ്.ഐ. അവകാശപ്പെട്ടത്.
നാലുപതിറ്റാണ്ടായി എസ്.എഫ്.ഐ.യുടെ കുത്തകയായിരുന്ന മഞ്ചേരി എൻ.എസ്.എസ്. കോളേജ് എസ്.എഫ്.ഐ.ക്ക് നഷ്ടപ്പെട്ടത് വലിയ ക്ഷീണമായി. തൃശ്ശൂർ കേരളവർമ കോളേജിൽ തുടക്കത്തിൽ കെ.എസ്.യു.വിന്റെ ചെയർമാൻ സ്ഥാനാർഥി വിജയിച്ചെന്ന് പ്രഖ്യാപിച്ചെങ്കിലും എസ്.എഫ്.ഐ. റീകൗണ്ടിങ് ആവശ്യപ്പെട്ടു. റീകൗണ്ടിങ് കെ.എസ്.യു. ബഹിഷ്കരിച്ചു.
നാദാപുരം, തവനൂർ, മങ്കട കോളേജുകളിൽ എസ്.എഫ്.ഐ.യെ അട്ടിമറിച്ച് വിജയം നേടിയെന്ന് എം.എസ്.എഫ്. അവകാശപ്പെട്ടു. മലപ്പുറം ഗവ. കോളേജിൽ ഒറ്റയ്ക്കു മത്സരിച്ചാണ് വിജയികളായതെന്ന് നേതാക്കൾ പറയുന്നു. വിദ്യാർഥികളുടെ അവകാശങ്ങൾക്കായി പോരാടിയതിനു ലഭിച്ച അംഗീകാരമാണ് ഈ വിജയമെന്ന് എം.എസ്.എഫ്. നേതാക്കൾ പറഞ്ഞു.
പാലക്കാട് മൂന്നു കോളേജുകളിൽ തനിച്ചു വിജയികളായെന്ന് കെ.എസ്.യു. അവകാശപ്പെട്ടു. തൃത്താല, പട്ടാമ്പി, വിക്ടോറിയ എന്നീ സർക്കാർ കോളേജുകളിലാണത്. വിക്ടോറിയ കോളേജ് യൂണിയൻ 23 വർഷത്തിനുശേഷവും നെന്മാറ എൻ.എസ്.എസ്. ആറു വർഷത്തിനുശേഷവും കെ.എസ്.യു. നേടി.
മലപ്പുറം ജില്ലയിൽ ആവേശകരമായ അന്തരീക്ഷത്തിൽ കോളേജുകളിലെ യൂണിയൻ തിരഞ്ഞെടുപ്പ് സമാപിച്ചു. യു.ഡി.എസ്.എഫ്. സഖ്യത്തിന് വ്യക്തമായ മുന്നേറ്റമുണ്ടായതായിരുന്നു ഫലം. വിജയത്തിൽ ഇരുമുന്നണികളും അവകാശവാദമുന്നയിച്ച് രംഗത്തെത്തി.
എട്ടു കോളേജുകളിൽ തങ്ങളുടെ യൂണിയൻ നിലവിൽവന്നതായി ഫ്രറ്റേണിറ്റി മൂവ്‌മെന്റ്് അവകാശപ്പെട്ടു. പല കോളേജുകളിലും അക്കൗണ്ടുകൾ തുറന്നതായി അവർ പറഞ്ഞു.
72 കോളേജുകളിൽ എം.എസ്.എഫ്. ഒറ്റയ്ക്കും 21 എണ്ണത്തിൽ മുന്നണിയായും ഭരണം പിടിച്ചതായി എം.എസ്.എഫ്. നേതാക്കൾ പറഞ്ഞു. സംഘടനാരീതിയിൽ തിരഞ്ഞെടുപ്പുനടന്ന വനിതാകോളേജുകളിൽ മുഴുവൻ എം.എസ്.എഫിന് മുന്നേറ്റമുണ്ടായതായി അവർ അവകാശപ്പെട്ടു. 20 യു.യു.സി.മാരെ സ്വന്തമാക്കിയതായി കെ.എസ്.യു.വും അവകാശപ്പെട്ടു. 21 കോളേജുകളിൽ ഭരണത്തിലെത്തിയതായി എസ്.എഫ്.ഐ. നേതാക്കൾ പറഞ്ഞു. പരപ്പനങ്ങാടി എൽ.ബി.എസ്. മോഡൽ ഡിഗ്രി കോളേജ് എം.എസ്.എഫിൽനിന്ന് എസ്.എഫ്.ഐ. പിടിച്ചെടുത്തു. 13-ൽ 11 സീറ്റിലും എസ്.എഫ്.ഐ. ആണ് വിജയിച്ചത്. കഴിഞ്ഞവർഷം ഇതേ വിജയം എം.എസ്.എഫിനായിരുന്നു. കൂടാതെ എട്ടു കോളേജുകൾകൂടി എം.എസ്.എഫിൽനിന്ന് പിടിച്ചെടുത്തതായും നേതാക്കൾ പറഞ്ഞു.