റിയോ ഡെ ജനീറോ: ലോകകപ്പ് ഫുട്ബാൾ ലാറ്റിനമേരിക്കൻ യോഗ്യത റൗണ്ടിൽ ആരാധകർ കാത്തിരിക്കുന്ന ബ്രസീൽ-അർജന്റീന മത്സരം ബുധനാഴ്ച ഇന്ത്യൻ സമയം രാവിലെ ആറിന് വിശ്വപ്രസിദ്ധമായ മാറക്കാന സ്റ്റേഡിയത്തിൽ നടക്കും. ലോക ചാമ്പ്യന്മാരായ അർജന്റീന തുടർച്ചയായ നാല് വിജയങ്ങൾക്ക് ശേഷം ഉറുഗ്വായിയോട് രണ്ട് ഗോൾ തോൽവി ഏറ്റുവാങ്ങിയ ക്ഷീണത്തിലാണ്.
തുടർ പരാജയങ്ങളാണ് ബ്രസീലിനെയും അലട്ടുന്നത്. അഞ്ച് മത്സരങ്ങളിൽ ഏഴ് പോയന്റ് മാത്രം നേടി അഞ്ചാം സ്ഥാനത്താണ് കാനറികൾ. 12 പോയന്റുമായി അർജന്റീന ഒന്നാം സ്ഥാനത്ത് തുടരുന്നു. രണ്ട് വർഷം നീണ്ട ഇടവേളക്ക് ശേഷം ബ്രസീൽ-അർജന്റീന പോരാട്ടം കാണാനുള്ള ആകാംക്ഷയിലാണ് ഫുട്ബാൾ ലോകം. 2021 നവംബറിൽ ലോകകപ്പ് യോഗ്യത റൗണ്ടിലാണ് ഇരു ടീമും അവസാനമായി മുഖാമുഖം വന്നത്. കളി ഗോൾരഹിത സമനിലയിൽ കലാശിച്ചു.