ജില്ലാ പോലീസ് മേധാവിയായി എസ്. ശശിധരൻ ചുമതലയേറ്റു

മലപ്പുറം: ജില്ലയുടെ പോലീസ് മേധാവിയായി സംസ്ഥാന പോലീസിലെ കുറ്റാന്വേഷണ വിദഗ്ധരിലൊരാളായ എസ്. ശശിധരൻ ചുമതലയേറ്റു. കൊച്ചി ഡി.സി.പി. യായിരുന്ന അദ്ദേഹം ബുധനാഴ്ചയാണ് നിലവിലെ മേധാവി എസ്. സുജിത് ദാസിൽനിന്ന് ചുമതലയേറ്റെടുത്തത്. 2008-ൽ മലപ്പുറത്ത് അഡ്മിനിസ്‌ട്രേഷൻ ഡി.വൈ.എസ്.പി.യായി ജോലിചെയ്തിട്ടുണ്ട്.

ഒട്ടേറേ കുപ്രസിദ്ധമായ കേസുകൾ തെളിയിച്ച അഭിമാനത്തോടെയാണ് അദ്ദേഹം വീണ്ടും മലപ്പുറത്ത് ചുമതലയേൽക്കുന്നത്. തൃശ്ശൂരിൽ ചുമതലയിലിരിക്കുമ്പോഴാണ് 2015-ൽ അദ്ദേഹം നിലമ്പൂർ കോൺഗ്രസ്‌ ഓഫീസിലെ തൂപ്പുകാരി രാധ കൊല്ലപ്പെട്ട കേസിന്റെ അന്വേഷണച്ചുമതലയേറ്റെടുക്കുന്നത്. അതിലെ രണ്ട് പ്രതികൾ ശിക്ഷിക്കപ്പെട്ടു. കൊച്ചിയിൽ ഡി.സി.പി. യായി ചുമതലയേറ്റ ഉടനെ ഭഗീരഥി ഥാമി എന്ന നേപ്പാളി യുവതിയുടെ കൊലപാതകമാണ് അന്വേഷിക്കേണ്ടിവന്നത്. കൂടെയുണ്ടായിരുന്ന യുവാവ് ഇവരെ കൊന്ന് പ്ലാസ്റ്റിക് ചാക്കിൽ ഒളിപ്പിക്കുകയായിരുന്നു. വൈകാതെത്തന്നെ പ്രതിയെ പിടികൂടി.

കേരളം നടുങ്ങിയ മറ്റൊരു കേസാണ് ഇലന്തൂർ ഇരട്ടനരബലി. ലോട്ടറിവില്പനക്കാരികളായ രണ്ട് യുവതികളാണ് കൊല്ലപ്പെട്ടത്. ഇത് നരബലിയായിരുന്നൂവെന്ന് തെളിയിക്കുകയും മന്ത്രവാദിയടക്കമുള്ള പ്രതികളെ പിടികൂടുകയും ചെയ്തു. തേവര പെരുമാനൂരിൽനിന്ന് കാണാതായ ജെഫ് ജോൺ ലൂയീസ് ഗോവയിൽ കൊലചെയ്യപ്പെട്ട കേസും തെളിയിച്ചത് ഇദ്ദേഹമാണ്. രാഷ്ട്രീയകേരളത്തെ ഇളക്കിമറിച്ച പെരുമ്പാവൂരിലെ ജിഷ വധക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായും പ്രവർത്തിച്ചിട്ടുണ്ട്.

2016-ൽ നടന്ന ഈ കൊലപാതകത്തിലെ പ്രതിയായ അമീറുൽ ഇസ്‌ലാമിനെ കേരള-തമിഴ്‌നാട് അതിർത്തിയിൽനിന്നാണ് രണ്ടുമാസത്തിനുള്ളിൽ അറസ്റ്റുചെയ്യുന്നത്.

കുഴൽപ്പണം, സ്വർണക്കടത്ത്, മയക്കുമരുന്ന് കേസുകൾ കർശനമായി നേരിടുമെന്ന് എസ്.പി. പറഞ്ഞു. കുറ്റകൃത്യങ്ങളോട് ഒരുതരത്തിലും വിട്ടുവീഴ്ചയുണ്ടാവില്ല. മദ്യപിച്ച് വാഹനമോടിക്കൽ, ഹെൽമറ്റും രേഖകളുമില്ലാതെ വാഹനമോടിക്കൽ എന്നിവയെല്ലാം കൃത്യമായി പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബ്ലെസിയാണ് ഭാര്യ. മൂത്തമകൾ ശ്രേയ ബി.ഡി.എസ്. വിദ്യാർഥിനിയാണ്. രണ്ടാമത്തെ മകൾ ശ്വേത എൻട്രൻസ് പരിശീലനത്തിലാണ്.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}