മൂന്നാം കിരീടത്തിനായി ഇന്ത്യ

ഒരേയൊരു ജയം കൂടി, മൂന്നാം ലോകകിരീടം. ടീം ഇന്ത്യയും രാജ്യവും ആ സ്വപ്നനിമിഷത്തിനായി കാത്തിരിക്കുന്നു. ഇതുവരെ എല്ലാം ഓകെ. ബാറ്റര്‍മാരും ബൗളര്‍മാരും ഉജ്വല ഫോമില്‍. പത്തില്‍ പത്തും ജയിച്ചുള്ള അപരാജിതക്കുതിപ്പ്. ഫൈനല്‍ ഒട്ടും എളുപ്പമാവില്ല. പ്രഫഷണലിസവും ഫീല്‍ഡിങ് മികവും തീതുപ്പുന്ന പേസര്‍മാരുമുള്ള ഓസീസാണ് എതിരാളി. വിലകുറച്ചുകാണണ്ട. സെമിയില്‍ ന്യൂസിലന്‍ഡിനോട് 2019 ലെ കണക്ക് വീട്ടിയാണ് സെമി കടന്നത്. കങ്കാരുക്കളോട് വീട്ടാനുള്ളത് 20 വര്‍ഷം മുമ്പത്തെ കണക്കാണ്. 2003 ഫൈനലിലെ കണ്ണീരിന് പകരം ചോദിക്കാന്‍ ഇതിലും മികച്ച അവസരം വേറെയില്ല. ലീഗ് റൗണ്ടില്‍ ഓസീസിനെ തകര്‍ത്ത ആത്മവിശ്വാസം ഇന്ത്യക്ക് കരുത്താണ്. പക്ഷേ തുടക്കത്തില്‍ ഞെട്ടിയ ഓസീസല്ല ഫൈനലിലെത്തിയ ഓസീസ്. ഒറ്റയ്ക്ക് കളി ജയിപ്പിക്കാന്‍ കഴിയുന്ന മാക്സ് വെല്‍ അടക്കമുള്ളവരുണ്ട്. ഷമിയും സിറാജും ബുംറയും കുല്‍ദീപും ചേര്‍ന്ന് വാര്‍ണറേയും ഹെഡ്ഡിനേയും സ്മിത്തിനേയും ലംബുഷെയ്നേയും മാര്‍ഷിനേയും പിടിച്ചുകെട്ടുമെന്ന് രാജ്യം പ്രതീക്ഷിക്കുന്നു. കോലിയും രോഹിത്തും ഗില്ലും രാഹുലും അയ്യരും മതി നമുക്ക് സ്റ്റാര്‍ക്കും ഹേസല്‍വുഡും കമിന്‍സും സാംപയും ഒന്നും പ്രശ്നമല്ലെന്ന് തെളിയിക്കാന്‍.

സ്വന്തം മണ്ണില്‍ നടക്കുന്ന ലോകകപ്പില്‍ ആധികാരികമായാണ് ഇന്ത്യ ഫൈനലിലെത്തിയത്. അതും തുടര്‍ച്ചായി 10 മത്സരങ്ങളില്‍ ഉശിരന്‍ വിജയം നേടിക്കൊണ്ട്. ഈ ലോകകപ്പില്‍ അപരാജിതക്കുതിപ്പ് നടത്തിയ ഏകടീമും രോഹിത്തും സംഘവുമാണ്. 1983-ലെയും 2011-ലെയും കിരീടനേട്ടം ആവര്‍ത്തിക്കാനാണ് ഇന്ത്യയുടെ ശ്രമം. ഇതുവരെയുള്ള പ്രകടനം കണക്കിലെടുക്കുമ്പോള്‍ ഇന്ത്യയെ പിടിച്ചുകെട്ടാന്‍ ഓസീസ് നന്നായി വിയര്‍പ്പൊഴുക്കേണ്ടിവരും. ലോകകപ്പിന് മുന്നോടിയായി നിരവധി പ്രശ്‌നങ്ങള്‍ ഇന്ത്യയെ പിടിച്ചുലച്ചെങ്കിലും ഈ വലിയ മാമാങ്കവേദിയിലേക്കെത്തിയപ്പോള്‍ ഇന്ത്യ ഒരേ മനസ്സോടെ ഒരൊറ്റ ലക്ഷ്യത്തോടെ പോരാടി. മധ്യനിരയിലെ ആശങ്കകളെ ശ്രേയസ് അയ്യരും കെ.എല്‍.രാഹുലും അടിച്ചുപരത്തി ഓപ്പണിങ്ങില്‍ ശുഭ്മാന്‍ ഗില്ലും രോഹിത് ശര്‍മയും കൊടുങ്കാറ്റായി. മൂന്നാമനായി ഇറങ്ങിയ സൂപ്പര്‍ താരം വിരാട് കോലി സെഞ്ചുറികളും അര്‍ധസെഞ്ചുറികളുമായി റെക്കോഡ് നേട്ടത്തോടെ ടീമിന് ഉജ്വല വിജയങ്ങള്‍ സമ്മാനിച്ചു. സ്പിന്‍ ബൗളര്‍മാരെ ആശ്രയിച്ചിരുന്ന ഇന്ത്യ ഇന്ന് പേസര്‍മാരുടെ കരുത്തില്‍ ഫൈനല്‍ വരെയെത്തിയിരിക്കുന്നു. മുഹമ്മദ് ഷമിയെന്ന പോരാളിയുടെ തീപ്പന്തുകള്‍ക്ക് മുന്നില്‍ എതിരാളികള്‍ മുട്ടുമടങ്ങി. ബുംറയും സിറാജും മികച്ച പിന്തുണ നല്‍കി. കുല്‍ദീപും ജഡേജയും എതിരാളികളെ കറക്കിവീഴ്ത്തി. ഈ ഫോം തുടര്‍ന്നാല്‍ സംശയം വേണ്ട ലോകകപ്പ് കിരീടം ഇന്ത്യയുടെ ഷെല്‍ഫിലെത്തും.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}