വേങ്ങര: സമസ്ത മേഖലകളിലും ജീവിതം അടയാളപ്പെടുത്തിയ സാമൂഹികപ്രവർത്തകനായിരുന്നു കഴിഞ്ഞ ദിവസം വലിയോറയിൽ അന്തരിച്ച അഞ്ചുകണ്ടൻ അബുഹാജിയെന്ന് വലിയോറ പുത്തനങ്ങാടിയിൽ നടന്ന സർവകക്ഷി അനുശോചനയോഗം അഭിപ്രായപ്പെട്ടു. വേങ്ങരയിലെ സാമൂഹിക മുന്നേറ്റങ്ങളിൽ സജീവമായിരുന്ന അദ്ദേഹം വയോജനക്ഷേമത്തിനായി പ്രവർത്തിക്കുന്ന നിരവധി പ്രവർത്തനങ്ങളിൽ മുന്നിൽനിന്നു.
വേങ്ങര സായംപ്രഭാ ഹോമിന്റെ ഗവേണിങ് ബോഡി അംഗം, തിരൂരങ്ങാടി താലൂക്ക് ഉപഭോക്തൃസമിതി അംഗം, അക്വാപോണിക്‌സ് കൃഷിയുടെ പ്രചാരകൻ, ജൈവകർഷകൻ, വട്ടപ്പാട്ട്, കോളാമ്പിപ്പാട്ട്, കോൽക്കളി കലാകാരൻ എന്നീ നിലകളിലറിയപ്പെടുന്ന അദ്ദേഹം ഈ മേഖലയുടെ പ്രചാരണത്തിനും വളർച്ചക്കും വേണ്ടി പ്രവർത്തിച്ചു. എഴുപത്തിയഞ്ചാം വയസ്സിലും നല്ലൊരു കർഷകൻ കൂടിയായിരുന്നു. വലിയോറ പാടശേഖരസമിതി പ്രസിഡന്റായും പ്രവർത്തിച്ചു.
വലിയോറ പുത്തനങ്ങാടിയിൽ ജെറ്റ് സാംസ്‌കാരികവേദി സംഘടിപ്പിച്ച സർവകക്ഷി അനുശോചനയോഗത്തിൽ ടി. ഇബ്രാഹിം അധ്യക്ഷനായി. വേങ്ങര ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.പി. ഹസീന ഫസൽ, പി.കെ. അലി അക്ബർ, ഐ.എൻ.എൽ. നേതാവ് എ.പി. അബ്ദുൽ വഹാബ്, കെ.ടി. അലവിക്കുട്ടി, എം.എ. അസീസ്, തയ്യിൽ സമദ്, ടി.കെ. നാസർ, എ.കെ.എ. നസീർ, പറങ്ങോടത്ത് അബ്ദുൽ അസീസ്, ബഷീർ പുല്ലമ്പലവൻ, കെ. സുരേഷ്‌കുമാർ, പി.പി. കുഞ്ഞാലി തുടങ്ങിയവർ പ്രസംഗിച്ചു.