തിരൂരങ്ങാടി: മലപ്പുറത്തിന്റെ ചരിത്രം വക്രീകരിക്കാൻ ശ്രമങ്ങളുണ്ടായിരുന്നതായി മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. സാമ്രാജ്യത്വശക്തികൾക്കെതിരേ എല്ലാവരെയും ഒന്നിച്ചുനിർത്തി പോരാട്ടം നടത്തുകയാണ് ആലിമുസ്‌ലിയാരും വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും ചെയ്തത്. മലബാറിൽ നടന്നത് സ്വാതന്ത്ര്യസമരമാണെന്നും സാമ്രാജ്യത്വവിരുദ്ധ പോരാട്ടമാണെന്നും പറഞ്ഞതും അതിൽ പങ്കെടുത്തവരുടെ കുടുംബങ്ങൾക്ക് പെൻഷൻ അനുവദിച്ചതും മലപ്പുറം ജില്ലക്കാരനായ മുഖ്യമന്ത്രി ഇ.എം.എസ്. ആണെന്നും മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. തിരൂരങ്ങാടി ഹജൂർ കച്ചേരിയിൽ സജ്ജീകരിച്ച ജില്ലാ പൈതൃകമ്യൂസിയത്തിന്റെ സമർപ്പണച്ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
മന്ത്രി അഹമ്മദ് ദേവർകോവിൽ മ്യൂസിയത്തിന്റെ സമർപ്പണം നിർവഹിച്ചു. മ്യൂസിയങ്ങൾ ജനകീയമാക്കി നടത്തുന്നതിനായി സംസ്ഥാനത്തെ എല്ലാ മ്യൂസിയങ്ങൾ കേന്ദ്രീകരിച്ചും മ്യൂസിയം മാനേജ്‌മെന്റ് കമ്മറ്റികൾ (എം.എം.സി.) രൂപവത്കരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. മന്ത്രി വി. അബ്ദുറഹ്‌മാൻ അധ്യക്ഷത വഹിച്ചു.
നഗരസഭാ കൗൺസിലർ അഹമ്മദ്കുട്ടി കക്കടവത്ത്, പുരാവസ്തുവകുപ്പ് ഡയറക്ടർ ഇ. ദിനേശൻ, തഹസിൽദാർ പി.ഒ. സാദിഖ്, കേരള മ്യൂസിയം എക്സിക്യുട്ടീവ് ഡയറക്ടർ ആർ. ചന്ദ്രൻപിള്ള തുടങ്ങിയവർ പ്രസംഗിച്ചു.