ഇന്ന് വേങ്ങരയിൽ ബസ് ജീവനക്കാർ റിയാസിനുവേണ്ടി ഫണ്ട് സമാഹരണം നടത്തിയിരുന്നു
വേങ്ങര: ബസ് ജീവനക്കാരായ സഹപ്രവർത്തകരുടെ കാരുണ്യത്തിന് കാത്തു നിൽക്കാതെ റിയാസ് എന്ന കിച്ചു യാത്ര പറഞ്ഞു. അസുഖബാധിതനായി ചികിത്സയിൽ കഴിഞ്ഞിരുന്ന ലീഡർ ബസ് ജീവനക്കാരൻ ഗാന്ധിക്കുന്ന് പരപ്പൻ ചിന സ്വദേശി റിയാസിന്റെ ചികിത്സാവശ്യാർഥം ഇന്ന് വേങ്ങരയിലെ ബസ് ജീവനക്കാർ യാത്രക്കാരിൽ നിന്ന് ഫണ്ട് സമാഹരണം നടത്തിയിരുന്നു. ഹൃദയസംബന്ധമായ അസുഖം ബാധിച്ച് ചികിത്സയിലായിരുന്ന റിയാസ് ഇന്ന് വൈകുന്നേരമാണ് മരിച്ചത്. സഹപ്രവർത്തകരുടെ ഫണ്ട് സമാഹരണത്തിലൂടെ റിയാസിന്റെ രോഗം സുഖപ്പെടുത്താം എന്നായിരുന്നു പ്രതീക്ഷ. എന്നാൽ കുടുംബത്തിന്റെയും നാട്ടുകാരുടെയും സഹപ്രവർത്തകരുടെയും സഹായത്തിനു കാത്തുനിൽക്കാതെ റിയാസ് ജീവിതത്തോട് യാത്രയായി.
ഇന്നത്തെ മുഴുവൻ കളക്ഷനും റിയാസിന്റെ ചികിത്സാ സഹായ ചിലവിലേക്ക് നൽകുമെന്നറിയിച്ചാണ് മുപ്പതോളം ബസുകൾ കാരുണ്യയാത്ര നടത്തിയത്. എന്നാൽ വൈകുന്നേരത്തോടെ റിയാസ് മരണപ്പെട്ടു എന്ന വാർത്തയാണ് അറിഞ്ഞത്.