സൗരദൗത്യത്തില്‍ കയ്യൊപ്പ് ചാര്‍ത്തി മലപ്പുറം സ്വദേശി ഡോ. ശ്രീജിത്ത് പടിഞ്ഞാറ്റീരി

ഭാരതത്തിന്റെ ആദ്യ സൗര ദൗത്യം ആദിത്യ- എല്‍1 വിജയകരമായി വിക്ഷേപിച്ചത് മൂലം രാജ്യം അഭിമാനത്തിലാണ്. ഈ അവസരത്തില്‍ തന്റെ നിര്‍ണായക സാന്നിദ്ധ്യം കൊണ്ട് അഭിമാനമാവുകയാണ് മലപ്പുറം മാറാക്കര സ്വദേശി ശ്രീജിത് പടിഞ്ഞാറ്റീരി സൗര ദൗത്യത്തിലെ പ്രധാന പേലോഡുകളിലൊന്നായ സോളാര്‍ അള്‍ട്രാ വയലറ്റ് ഇമേജിംഗ് ടെലസ്കോപ്പ് വികസിപ്പിച്ച ശാസ്ത്ര സംഘത്തിലെ പ്രോജക്‌ട് സയന്റിസ്റ്റാണ് ശ്രീജിത്.

കഴിഞ്ഞ ഏഴു വര്‍ഷമായി പ്രോജക്ടിന്റെ ഭാഗമാണ്.

ഏഴ് പേലോഡുകളുമായാണ് ആദിത്യ എല്‍ 1 കുതിക്കുന്നത്. വിസിബിള്‍ എമിഷൻ ലൈൻ കൊറോണ ഗ്രാഫ്, സോളാര്‍ അല്‍ട്രാ വയലറ്റ് ഇമേജിംഗ് ടെലസ്കോപ്, സോളാര്‍ ലോ എനര്‍ജി എക്സറേ സ്പെക്‌ട്രോ മീറ്റര്‍, ഹൈ എനര്‍ജി എല്‍ 1 ഓര്‍ബിറ്റിംഗ് എക്സറേ സ്പെക്‌ട്രോ മീറ്റര്‍, ആദിത്യ സോളാര്‍ വിൻഡ് പാര്‍ട്ടിക്കിള്‍ എക്സ്പിരിമെന്റ്, പ്ലാസ്മ അനലൈസര്‍ പാക്കേജ് ഫോര്‍ ആദിത്യ, മാഗ്നറ്റോ മീറ്റര്‍ എന്നിവയാണ് ഈ പേ ലോഡുകള്‍. ഇതില്‍ നിര്‍ണായകമായ സോളാര്‍ അള്‍ട്രാ ഇമേജിംഗ് ടെലസ്കോപ് ( SUIT ) ആണ് ശ്രീജിത് ഉള്‍പ്പെടുന്ന സംഘം വികസിപ്പിച്ചത്.

സൂര്യന്റെ ക്രോമോസ്ഫിയര്‍ , ഫോട്ടോസ്ഫിയര്‍ എന്നിവയുടെ നിരീക്ഷണവും സൂര്യനില്‍ നിന്ന് പുറത്തുവരുന്ന അള്‍ട്രാവയലറ്റ് രശ്മികളുടെ പഠനവുമാണ് ടെലസ്കോപിന്റെ പ്രധാന ദൗത്യം. നാല് മാസത്തെ ഓര്‍ബിറ്റ് ട്രാൻസ്ഫറിലൂടെയാണ് ആദിത്യ അതിന്റെ ലക്ഷ്യമായ ലാഗ്രാഞ്ചിയൻ പോയിന്റിലെത്തുന്നത്. ഹാലോ ഓര്‍ബിറ്റിലേക്ക് സ്ഥാപിക്കപ്പെടുന്നതോടെ പേ ലോഡുകള്‍ പ്രവര്‍ത്തനം തുടങ്ങുമെന്ന് ശ്രീജിത് പറഞ്ഞു.

ടെലസ്കോപ് വികസിപ്പിച്ചെടുക്കാൻ വലിയ വെല്ലുവിളി നേരിട്ടിരുന്നു. ഏതെങ്കിലും ഒരു പൊടിയോ മറ്റ് വസ്തുക്കളുടെ അംശമോ ഉള്‍പ്പെട്ട് പോയാല്‍ അത് ടെലസ്കോപിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുമായിരുന്നു. അതുകൊണ്ട് തന്നെ ഇരട്ട പാളിയുള്ള പ്രത്യേക വസ്ത്രം കൊണ്ട് പൂര്‍ണമായും ശരീരം മൂടിയായിരുന്നു പ്രവര്‍ത്തിക്കേണ്ടി വന്നതെന്ന് ശ്രീജിത് വ്യക്തമാക്കി.

യു.ആര്‍ റാവു സാറ്റലൈറ്റ് സെന്ററില്‍ നിന്ന് ഭൗതിക ശാസ്ത്രത്തില്‍ പി.എച്ച്‌. ഡി നേടിയിട്ടുള്ള ശ്രീജിത് മണിപ്പാല്‍ സെന്റര്‍ ഫോര്‍ നാച്വറല്‍ സയൻസില്‍ അസിസ്റ്റന്റ് പ്രൊഫസറായി ജോലി ചെയ്യുമ്ബോള്‍ ആണ് ആദിത്യ പദ്ധതിയുടെ ഭാഗമാകുന്നത്. മണിപ്പാലിലെ ചാര്‍ട്ടേഡ് അക്കൗണ്ടന്റായ കീര്‍ത്തിയാണ് ഭാര്യ. മകള്‍ മിഹിര.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}