പാടശേഖരങ്ങളിൽനിന്ന് വെള്ളം ഒഴിയുന്നില്ല; നീരൊഴുക്ക് നിലച്ചു കർഷകർ ആശങ്കയിൽ

വേങ്ങര: മഴ പെയ്ത് വിവിധ തോടുകളിലൂടെ ഒഴുകിവരുന്ന വെള്ളം വേങ്ങര കുറ്റൂർ, കൂരിയാട് പാടശേഖരങ്ങളിൽനിന്ന് ഒഴിയുന്നില്ല. ഇതുകാരണം പാടശേഖരങ്ങളിൽ കൃഷിയിറക്കിയ നെൽകർഷകരും ഇനി കൃഷിയിറക്കാനിരിക്കുന്ന കർഷകരും ആശങ്കയിലാണ്. മൂപ്പെത്തിയ ഞാർ പറിച്ചുനടാനാവാതെ ദുരിതമനുഭവിക്കുകയാണിവർ. 

ദേശീയപാത വികസന പ്രവർത്തനങ്ങളെത്തുടർന്ന് ഈ പാടങ്ങളിൽനിന്ന് കടലുണ്ടിപ്പുഴയിലേക്കുള്ള നീരൊഴുക്ക് തടസ്സപ്പെട്ടതാണ് പ്രതിസന്ധിക്ക് കാരണം. അശാസ്ത്രീയമായ വികസനത്തിന്റെ ഫലമാണിതെന്ന് പാടശേഖരസമിതി കുറ്റപ്പെടുത്തി. വേങ്ങര തോട്ടിലെയും കൈത തോട്ടിലെയും വെള്ളത്തിന്റെ ഒഴുക്ക് തടഞ്ഞുകൊണ്ടുള്ള സർവീസ്‌ റോഡ് നിർമാണം കുറ്റൂർ പാടത്ത് വെള്ളക്കെട്ട് രൂപപ്പെടാൻ കാരണമായെന്നാണ് ഇവർ പറയുന്നത്.

വെള്ളമൊഴിഞ്ഞുപോകാൻ ദേശീയപാതക്കടിയിലൂടെ നിർമിക്കുന്ന ചാലുകൾക്കൊന്നും പഴയതുപോലെ വീതിയോ വിസ്തൃതിയോ ഇല്ലെന്നും ആരോപിച്ചു. വിഷയം കൃഷി ഓഫീസർ, പഞ്ചായത്ത്, ബ്ലോക്ക് അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. കർഷകരുടെ പ്രശ്നത്തിനു പരിഹാരം കാണണമെന്നതാണ് പാടശേഖരസമിതി അംഗങ്ങളായ കാട്ടുമുണ്ടക്കൽ പ്രഭാകരൻ, സി. അബൂബക്കർ, എ. ഉണ്ണി, സി. ശങ്കരൻ, പൂച്ചിപ്പ, പി. മൊയ്തീൻകുട്ടി ഹാജി, എ.പി. അബൂബക്കർ, കെ.വി. ഉമ്മർ എന്നിവരുടെ ആവശ്യം.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}