പെരുമണ്ണ ക്ലാരി: ചെട്ടിയാൻകിണർ ഹയർ സെക്കന്ററി സ്കൂൾ കൃഷിയറിവ് പദ്ധതിയുടെ ഭാഗമായി നടത്തുന്ന നെൽകൃഷിയുടെ ഞാറുനടൽ പെരുമണ്ണ പാടത്ത് നടന്നു. കൃഷിയറിവുകൾ അന്യമാകുന്ന പുതിയ കാലത്ത് വിദ്യാർഥികൾക്ക് നെൽകൃഷിയുടെ വിവിധ ഘട്ടങ്ങൾ മനസിലാക്കാനും പങ്കാളികളാകാനുമായാണ് കൃഷിയറിവ് പദ്ധതി നടപ്പിലാക്കുന്നത്.
കൃഷിപ്പാട്ടുകൾ പാടിക്കൊണ്ട് വിദ്യാർഥികൾ ആവേശത്തോടെ പാടത്തേയ്ക്കിറങ്ങി കർഷകർക്കൊപ്പം ഞാറുനടലിൽ പങ്കാളികളായി. ചേറിലും ചെളിയിലും പണിയെടുത്ത് നെല്ലുണ്ടാക്കുന്നതിനു പിന്നിലെ അധ്വാനവും കാർഷിക ജീവിതത്തിന്റെ മഹത്വവും കുട്ടികൾ മനസ്സിലാക്കുന്നതിന് ഈ അനുഭവം സഹായകമായി.
എൻ എസ് എസ് ന്റെ ആഭിമുഖ്യത്തിൽ നടന്ന പരിപാടിയിൽ മുപ്പതോളം എൻ എസ് എസ് വളണ്ടിയർമാർ പങ്കെടുത്തു.
ചടങ്ങിൽ പാടശേഖര സമിതിയുടെ നേതൃത്വത്തിൽ മുൻകാല കർഷകരെ ആദരിച്ചു.
പെരുമണ്ണ ക്ലാരി പഞ്ചായത്ത് പ്രസിഡണ്ട് ലിബാസ് മൊയ്തീൻ ഉദ്ഘാടനം ചെയ്തു. കൃഷി ഓഫീസർ റിഷ്ല പുളിക്കൽ പദ്ധതി വിശദീകരണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജസ്ന ടീച്ചർ, വാർഡ് മെമ്പർമാരായ കാട്ടുകുളത്ത് കുഞ്ഞിമൊയ്തീൻ സഫ് വാൻ പാപ്പാലി എന്നിവർ സംസാരിച്ചു. ജൈവ കർഷകനായ ചെമ്മിളി ബാവ, ലീഡർമാരായ ശ്യാം ഷാരോൺ, അമീർ,ഫാത്തിമ ഹനൂന, ആയിഷ എന്നിവർ നേതൃത്വം നൽകി.