ദുബായ്: ദുബായ് ഇന്ത്യൻ കോൺസലേറ്റിന്റെയും അജ്മാൻ ഇന്ത്യൻ അസോസിയേഷന്റെയും സംയുക്താഭിമുഖ്യത്തിൽ അധ്യാപക ദിനാചരണത്തോടനുബന്ധിച്ച് ഏർപ്പെടുത്തിയ പുരസ്കാരമാണ് അബ്ദുല്ലക്കുട്ടിയെ തേടി എത്തിയത്. അജ്മാനിൽ നടന്ന വർണാഭമായ ചടങ്ങിൽ ദുബൈ ഇന്ത്യൻ കോൺസുലേറ്റിലെ സാമ്പത്തിക കാര്യ കോൺസലിൽ നിന്ന് അബ്ദുല്ലക്കുട്ടി പുരസ്കാരം ഏറ്റുവാങ്ങി.
നിലവിൽ യു.എ.ഇ യിലെ റാസൽഖയ്മയിലെ ഇന്ത്യൻ അസോസിയേഷന് കീഴിലുള്ള സി.ബി.എസ്.ഇ ഹയർ സക്കണ്ടറി സ്‌കൂളായ ഇന്ത്യൻ സ്കൂളിലെ പ്രിൻസിപ്പാൾ സ്ഥാനം അലങ്കരിക്കുകയാണ് അബ്ദുല്ലക്കുട്ടി.
ഇന്ത്യയിലും മറ്റു വിദേശ രാജ്യങ്ങളിലുമായി രണ്ട് പതിറ്റാണ്ടിലേറെ വിദ്യാഭ്യാസ രംഗത്ത് സേവന പരിചയമുള്ള അബ്ദുല്ലകുട്ടി തിരൂരങ്ങാടി ഓറിയന്റൽ ഹയർ സെക്കണ്ടറി സ്കൂൾ, ത്രിപുരയിലെ കേന്ദ്രീയ വിദ്യാലയം, മലപ്പുറത്തെ എം.സി.ടി. ബി.എഡ് കോളേജ് എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഓസ്ട്രേലിയയിലെ സിഡ്നിയിലും അമേരിക്കയിലെ ന്യൂ ജഴ്സിയിലും അധ്യാപനം നടത്തിയിട്ടുണ്ട് .
സ്കൂൾ വിദ്യാഭ്യാസ രംഗത്ത് പ്രശസ്തമായ യു.എ.ഇ ലെ ന്യൂ ഇന്ത്യൻ മോഡൽ സ്കൂളിൽ വിവിധ നേതൃപദവികളിൽ സേവനമനുഷ്ടിച്ചതിന് പിന്നാലെ ദുബൈയിലെ ലിറ്റിൽ ഫ്ലവർ ഇംഗ്ലീഷ് സ്കൂളിൽ പ്രിൻസിപ്പാൾ സ്ഥാനവും ഏറ്റെടുത്ത് പന്ത്രണ്ട് വർഷം സേവനമനുഷ്ഠിച്ചു.
തന്റെ ഈ സേവന കാലയളവിൽ ദുബൈയിലെ ഈ കലാലയത്തെ മികവിന്റെ കേന്ദ്രമായി രൂപപ്പെടുത്തുന്നതിൽ നിസ്തുലമായ പങ്കുവഹിച്ചു. നിലവിൽ താൻ നേതൃത്വം വഹിക്കുന്ന റാസൽ ഖൈമയിലെ വിദ്യാലയത്തിൽ ന്യൂതനവും ക്രിയാത്മകവുമായ വിദ്യാഭ്യാസ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കുന്നതിൽ വ്യാപൃതനാണ് അബ്ദുല്ലക്കുട്ടി.
വലിയോറ ചിനക്കൽ കുറുക സ്കൂൾ, വേങ്ങര ഗവ.ബോയ്സ് ഹൈസ്കൂൾ എന്നിവയിൽ നിന്ന് സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ഇദ്ദേഹം നിലവിൽ സ്വയംഭരണ പദവിയുള്ള കോഴിക്കോട്ടെ പ്രശസ്തമായ ഫാറൂഖ് കോളേജിൽ നിന്ന് ഇംഗ്ലീഷ് ഭാഷാ സാഹിത്യത്തിൽ ബിരുദവും തിരൂരങ്ങാടിയിലെ പി.എസ്.എം.ഒ കോളേജിൽ നിന്ന് ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. കൊല്ലത്തെ കേരള സർവ്വകലാശാല ടീച്ചർ എഡ്യൂക്കേഷൻ കോളേജിൽ നിന്ന് വിജയകരമായി ബി.എഡ് പഠനം പൂർത്തിയാക്കിയ അബ്ദുല്ലക്കുട്ടി കോഴിക്കോട് സർവകലാശാലയിലെ വിദ്യാഭ്യാസ വകുപ്പിൽ നിന്ന് എം.എഡും കരസ്ഥമാക്കിയിട്ടുണ്ട്.
യു.എ.ഇ ഗവൺമെന്റ് നടത്തിയ പ്രിൻസിപ്പാൾ ലൈസൻസിനുള്ള പരീക്ഷയിൽ ആദ്യ ഘട്ടത്തിൽ തന്നേ മികച്ച വിജയം കൈവരിച്ച അബ്ദുല്ലക്കുട്ടി പ്രിൻസിപ്പാൾ ലൈസൻസ് നേടുന്ന യു.എ.ഇ യിലെ വിരലിലെണ്ണാവുന്ന മലയാളികളുടെ കൂട്ടത്തിൽ തിളങ്ങി നിൽക്കുന്നു.
വലിയോറയിലെ പഴയകാല കലാ സാംസ്കാരിക കൂട്ടായ്മയായ "ജറ്റിയൻസി" ന്റെ സജീവ പ്രവർത്തകനും മുൻകാല ഫുട്ബാൾ പ്ലയറും കലാകാരനും കൂടിയാണ്.
വേങ്ങരയിലെ പഴയകാല വ്യാപാരി പരേതരായ വളപ്പിൽ അലവി ഹാജി, മമ്മാദിയ ദമ്പതികളുടെ മകനാണ് അബ്ദുള്ളക്കുട്ടി. മലപ്പുറം സ്വദേശി സി. പി ഫസീലയാണ് ഭാര്യ. ഇവർക്ക് നാല് മക്കളുണ്ട്.
വളപ്പിൽ മുഹമ്മദ് ബാപ്പു, അബ്ദുൽ കരീം, ഹംസാപ്പു, അബ്ദുൽ റഷീദ് എന്നിവർ സസഹോദരങ്ങളാണ്.